അമേയ നായരുടെ വീഡിയോ ചര്‍ച്ചയാകുന്നു.
ഗാർഹിക പീഡനത്തെത്തുടർന്ന് ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് സീരിയൽ താരം അമേയ നായർ രംഗത്ത്. അതുല്യക്കു സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയയാളാണ് താനെന്നും അത്തരം സാഹചര്യങ്ങളിൽ നിന്നും പുറത്തുകടക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അമേയ പറയുന്നു.
''കേരളത്തിൽ വിവാഹപ്രായം എത്തിനിൽക്കുന്ന പെൺകുട്ടികൾ പലരും വിവാഹജീവിതം ആവശ്യമുണ്ടോ എന്നുപോലുമാണ് അതുല്യയുടെ മരണത്തിനു ശേഷം ചോദിക്കുന്നത്. അതുല്യയുടേതിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്റെ ജീവിതാനുഭവങ്ങളും. ഞാനതിൽ നിന്നും രക്ഷപെട്ടു. എന്നാൽ അങ്ങനെ രക്ഷപെടുക എന്നത് എളുപ്പമുള്ള കാര്യമല്ല. കുട്ടികൾക്കു വേണ്ടി ജീവിച്ചുകൂടേ, വിദ്യാഭ്യാസമില്ലേ ഒരു ജോലി കണ്ടെത്തിക്കൂടേ എന്നൊക്കെ പലരും ചോദിക്കും. പക്ഷേ, ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിക്ക് ആ സന്ദർഭത്തിൽ ഇതൊന്നും ചെയ്യാൻ സാധിച്ചെന്നു വരില്ല. ആ സമയത്ത് ഒരു ചേർത്തുപിടിക്കലാണ് അവർക്ക് ഏറ്റവും കൂടുതൽ ആവശ്യം. ഒരുപക്ഷേ മാതാപിതാക്കളിൽ നിന്നുപോലും അത് ലഭിക്കാതിരിക്കുമ്പോൾ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഉണ്ടാകില്ല, എത്ര വിദ്യാഭ്യാസമുള്ളയാളാണെങ്കിൽ പോലും. ഇത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ഒറ്റയ്ക്ക് പുറത്തേക്കു വന്ന് കുഞ്ഞുങ്ങളുമായി ജീവിക്കുന്ന സ്ത്രീകളോട് നിങ്ങൾ എന്തു മനോഭാവമാണ് കാണിക്കുന്നത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്. സത്യത്തിൽ അവരല്ലേ മറ്റു സ്ത്രീകളേക്കാൾ ബഹുമാനം അർഹിക്കുന്നത്'', അമേയ പറഞ്ഞു.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അമേയ നായർ. കുടുംബവിളക്ക് മുതൽ കുടുംബശ്രീ ശാരദ വരെയുള്ള സൂപ്പർ ഹിറ്റ് സീരിയലുകളുടെ ഭാഗമാണ് അമേയ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. താന്‍ രണ്ട് മക്കളുടെ അമ്മയാണെന്നും വര്‍ഷങ്ങളോളം സിംഗിള്‍ മദര്‍ ആയി ജീവിക്കുകയാണെന്നും അമേയ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അതിനുശേഷം സീരിയൽ താരം ജിഷിൻ മോഹനുമായി പ്രണയത്തിലാണെന്ന കാര്യവും താരം വെളിപ്പെടുത്തിയിരുന്നു.
