പ്രതികരണവുമായി നടി അമേയ നായര്‍.

ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ വിഷയത്തിൽ പ്രതികരിച്ച് നടി അമേയ നായർ. മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തും ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതികരിച്ചവർ ഉണ്ടായിരുന്നെന്നും ഒരാളുടെ കുടുംബത്തെയാകെ അപമാനിക്കുന്നതിനേക്കാൾ നല്ലത് സംഭവസ്ഥലത്തു വെച്ചു തന്നെ റിയാക്ട് ചെയ്യുന്നതാണെന്നും അമേയ പറയുന്നു.

''എന്നാണ് നമ്മുടെ കയ്യിൽ ഈ സോഷ്യൽമീ‍ഡിയയൊക്കെ വന്ന് തുടങ്ങിയത്. ക്യാമറയുള്ള മൊബൈൽ ഫോണുമായി നമ്മൾ ബസുകളിൽ യാത്ര ചെയ്ത് തുടങ്ങിയിട്ട് അധികമായിട്ടില്ല. ഇതൊന്നും ഇല്ലാത്ത ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അമ്മയടക്കം കുടുംബത്തിലുള്ള എല്ലാ സ്ത്രീകളും ഈ ഒരു സാഹചര്യത്തെ എതിർത്ത് വന്നവരാണ്. അവരുടെ കയ്യിൽ ക്യാമറയുണ്ടായിരുന്നില്ല. സോഷ്യൽമീഡിയ ഉണ്ടായിരുന്നില്ല. അവർക്ക് നേരെ വരുന്ന കാര്യങ്ങൾ എവിടേയും ഇ‍ട്ടിരുന്നുമില്ല. ആരുടേയും ലൈഫ് സ്പോയിൽ ആയതുമില്ല. ഈയിടെയായി ഒത്തിരി വീഡിയോസ് ഇങ്ങനെ കാണുന്നുണ്ട്. പെൺകുട്ടികൾ അവർക്ക് എതിരെ വരുന്ന കാര്യങ്ങൾ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്നു. വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്നതിന്റെ പകുതി ധൈര്യം മതി പ്രതികരിക്കാൻ.

ഒരാൾ ദേഹത്ത് തൊടുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ നോട്ടം കൊണ്ട് അത് അവർക്ക് മനസിലാക്കി കൊടുക്കാൻ പറ്റും. അതിൽ നിന്നില്ലെങ്കിൽ ഒച്ചയെടുത്ത് സംസാരിക്കുക. ശക്തമായി പ്രതികരിക്കുക. പോലീസിനെ അറിയിക്കുക. എന്നിട്ട് ഷൂട്ട് ചെയ്യുക. ഫാമിലിയെ വിളിച്ച് വരുത്തി ഒപ്പം നിർത്തിയും പ്രതികരിക്കാം. ക്യാമറ ഇല്ലാതിരുന്ന കാലത്തും നമ്മുടെ നാട്ടിൽ സ്ത്രീകൾ ജീവിച്ചിരുന്നു. അവരും ഇത്തരം കാര്യങ്ങൾക്ക് എതിരെ പ്രതികരിച്ച് കയറി വന്നവരാണ്.

വീഡിയോ എടുക്കുന്നതിലൂടെ എന്താണ് ബെനിഫിറ്റെന്ന് എനിക്ക് മനസിലാവുന്നില്ല. ഞാനാണെങ്കിൽ ശരീരത്തിൽ ഒരാൾ മുട്ടിക്കൊണ്ടിരിക്കുമ്പോൾ വീഡിയോ എടുക്കാനുള്ള ക്ഷമ എനിക്കുണ്ടാവില്ല. ഞാൻ ഉടനെ റിയാക്ട് ചെയ്യും. സംഭവ സ്ഥലത്ത് പ്രതികരിക്കുക. അല്ലാതെ സോഷ്യൽമീഡിയയിൽ ഇട്ട് പബ്ലിസിറ്റി കൊടുത്ത് അയാളെയും അയാളുടെ കുടുംബത്തെയും വേദനിപ്പിക്കണോ?. വയസായ മാതാപിതാക്കളാണ് ആ മരിച്ച വ്യക്തിക്കുള്ളത്. അവരും എന്തെങ്കിലുമൊക്കെ ചെയ്‍താൽ വീഡിയോ ഇട്ട പെൺകുട്ടി ഉത്തരവാദിയാകും. മനുഷ്യത്വം ഉപയോഗിക്കുക'', അമേയ നായർ വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക