തട്ടിപ്പിനിരയായത് വെളിപ്പെടുത്തി നടി അഞ്‍ജിത.
താൻ വീണ്ടും സൈബർ കുറ്റവാളികളുടെ തട്ടിപ്പിന് ഇരയായതായി മിനിസ്ക്രീൻ താരവും നർത്തകിയുമായ അഞ്ജിത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഞ്ജിത തനിക്ക് സംഭവിച്ച അബദ്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ''ടെലഗ്രാമില്‍ പുതിയൊരു സ്‌കാം വന്നിട്ടുണ്ട്. ഞാന്‍ ടെലഗ്രാം ഉപയോഗിക്കുന്ന വ്യക്തിയല്ല. അതുകൊണ്ടു തന്നെ എന്റേതെന്ന പേരില്‍ എന്തെങ്കിലും മെസേജ് വരികയാണെങ്കില്‍ അവഗണിക്കുക. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്. അവരെ വിളിച്ച് കാര്യങ്ങൾ നേരിട്ട് അന്വേഷിച്ചു മാത്രം മുന്നോട്ട് പോകുക. എനിക്ക് ആ അബദ്ധം പറ്റി, വീണ്ടും വീണ്ടും. ശ്രദ്ധിക്കുക'', അഞ്ജിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
താൻ സൈബർ തട്ടിപ്പിന് ഇരയായതായി മുൻപും അഞ്ജിത തുറന്നു പറഞ്ഞിട്ടുണ്ട്. പ്രശസ്ത നര്‍ത്തകിയായ രഞ്ജന ഗൗഹറിന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്താണ് തന്നെ തട്ടിപ്പിന് ഇരയാക്കിയതെന്നാണ് അഞ്ജിത നേരത്തേ വെളിപ്പെടുത്തിയത്. രഞ്ജന ഗോറിന്റെ വാട്‌സാപ്പ് നമ്പറില്‍ നിന്ന് മെസേജ് അയച്ച് 10000 രൂപ ആവശ്യപ്പെട്ടുവെന്നും പണം അയച്ചുകൊടുത്തു എന്നും താരം പറഞ്ഞിരുന്നു.
സൈബര്‍ തട്ടിപ്പുകളെ കുറിച്ചൊക്കെ അറിയാമെങ്കിലും വാട്ട്‌സാപ്പ് നമ്പറില്‍നിന്ന് തട്ടിപ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും രഞ്ജനയുടെ സ്വകാര്യ നമ്പറില്‍നിന്ന് പണം ചോദിച്ചതുകൊണ്ടാണ് സംശയം തോന്നാതിരുന്നതെന്നും താൻ വിളിച്ചെങ്കിലും രഞ്ജന കോൾ എടുക്കാത്തതിനെത്തുടർന്ന് പെട്ടെന്ന് പണം അയക്കുകയായിരുന്നെന്നും അഞ്ജിത പറഞ്ഞിരുന്നു. രഞ്ജന തന്നെ ഇടയ്ക്ക് വിളിക്കാറുള്ളതാണെന്നും സംഭവത്തിന് ശേഷം രഞ്ജന വിളിക്കുകയും തന്റെ വാട്ട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാല്‍ കൊടുക്കരുതെന്നും പറയുകയും ചെയ്തു.
അപ്പോഴേക്കും തന്‍റെ പണം പോയിരുന്നു എന്നുമാണ് അഞ്ജിത വെളിപ്പെടുത്തിയത്. ഈ സംഭവത്തിൽ അഞ്ജിത സൈബർ സെല്ലിൽ പരാതിയും നൽകിയിരുന്നു.


