കടന്നുപോകുന്ന രോഗാവസ്ഥയെ കുറിച്ച് നടി.

കഴിഞ്ഞ കുറച്ചു നാളുകളായി മാനസികവും ശാരീരികവുമായി താൻ അതികഠിനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി ആൻമരിയ. എന്താണ് അനുഭവിക്കുന്നതെന്ന് ആളുകൾ അറിയരുതെന്ന് ആഗ്രഹിച്ചതിനാലാണ് പുറത്ത് ചിരിച്ചുകൊണ്ട് കാണപ്പെട്ടതെന്നും ആൻമരിയ പറയുന്നു.

''കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിഷാദം, ട്രോമ, പാനിക് അറ്റാക്കുകൾ തുടങ്ങി കഠിനമായ അവസ്ഥകളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. എന്നിട്ടും, ഞാൻ എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് കാണപ്പെട്ടു, കാരണം ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് ആളുകൾ അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. കഠിനമായ വയറുവേദന, കനത്ത രക്തസ്രാവം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു.

ഏപ്രിലിൽ, റെനൈ മെഡിസിറ്റിയിൽ വെച്ച് എനിക്ക് ഒരു ചെറിയ പോളിപ് സർജറി ഉണ്ടായിരുന്നു. അതിനുശേഷം, എന്നെക്കുറിച്ച് ചില കിംവദന്തികൾ കേൾക്കാൻ തുടങ്ങി, അതെന്നെ ശരിക്കും വേദനിപ്പിച്ചു. ആ സമയത്ത്, എന്റെ സീരിയൽ ഷൂട്ടിംഗുകളിൽ നിന്ന് ഞാൻ ഒരു ചെറിയ ഇടവേള എടുത്തിരുന്നു. ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നവർക്ക് താൽക്കാലിക സന്തോഷം കണ്ടെത്താൻ കഴിഞ്ഞേക്കാം, പക്ഷേ സത്യം എപ്പോഴും സത്യമായി തുടരും.

ഇതിനെല്ലാമിടെയും എന്റെ അമ്മയും മകളും എന്റെ കൂടെ നിന്നു. ഞാൻ എന്തു തരം അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് അവർക്ക് കൃത്യമായി അറിയാം. ഉള്ളിൽ പൂർണമായും തകർന്നപ്പോഴും അവർക്കുവേണ്ടി ഞാൻ ശക്തമായി നിലകൊണ്ടു. എന്നെ ഇതൊക്കം വളരെയധികം വേദനിപ്പിച്ചതിനാലും എന്റെ ഹൃദയം തുറന്ന് സംസാരിക്കാൻ ആഗ്രഹിച്ചതിനാലുമാണ് ഞാൻ ഇതെല്ലാം ഇപ്പോൾ പങ്കുവെയ്ക്കുന്നത്. എന്നെ നന്നായി അറിയുന്നവർ സത്യത്തിനൊപ്പം നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വേദനകളും മുൻവിധികളും അസത്യ പ്രചാരണങ്ങളുമെല്ലാം ഞാൻ നേരിട്ടിട്ടുണ്ട്, പക്ഷേ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. കാരണം, സത്യവും ശക്തിയും എന്റെ പക്ഷത്തുണ്ട്'', ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആൻമരിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക