ഒടുവില്‍ വിശദീകരണവുമായി നടൻ അരുണ്‍ രംഗത്ത് എത്തി.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടൻ അരുണ്‍ രാഘവന്‍. രണ്ടാമതൊരു കുഞ്ഞിന്റെ കൂടെ പിതാവായ സന്തോഷവാർത്ത അടുത്തിടെയാണ് താരം അറിയിച്ചത്. എന്നാൽ അടുത്ത കാലം വരെയും അരുണിന്റെ ഭാര്യ ദിവ്യ ഗര്‍ഭിണി അല്ലാത്തതിനാല്‍ ഈ കുട്ടി ആരുടേതാണെന്ന സംശയവും ഉയര്‍ന്ന് വന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി അരുൺ നേരിട്ടെത്തിയതോടെയാണ് ആരാധകരുടെ സംശയങ്ങൾക്ക് മറുപടി ലഭിച്ചത്.

തങ്ങൾ ഒരു പെൺകുട്ടിയെ ദത്തെടുത്തെന്നും അതിഥി എന്നാണ് മകളുടെ പേര് എന്നുമാണ് അരുൺ വീഡിയോയിൽ പറയുന്നത്. ''കഴിഞ്ഞ ദിവസം മകള്‍ അതിഥിയുടെ വരവിനെ കുറിച്ച് ഞാനൊരു സ്‌റ്റോറി ഇട്ടിരുന്നു. ഒത്തിരി ആളുകള്‍ ആശംസ അറിയിച്ചു. അടുത്ത കാലം വരെ ദിവ്യ ഗര്‍ഭിണിയല്ലല്ലോ എന്ന് കുറച്ച് പേര്‍ക്ക് കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറേ പേര്‍ക്ക് ഇത് സര്‍പ്രൈസുമായി. കഴിഞ്ഞ നാല് വര്‍ഷമായി ഒരു അഡോപ്ഷന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അതേക്കുറിച്ച് അറിയുമായിരുന്നുള്ളൂ.

നാലര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയ്യതിയാണ് ഞങ്ങള്‍ക്കൊരു മകളെ കിട്ടിയത്. അവള്‍ക്കിപ്പോൾ നാല് മാസമാണ് പ്രായം. ഇപ്പോള്‍ സുഖമായിരിക്കുന്നു. കുറച്ച് പേര്‍ക്ക് കണ്‍ഫ്യൂഷനുള്ളത് കൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. അതിഥി ഞങ്ങളുടെ മകളാണ്. എല്ലാവരും അതിഥിയുടെ ഫോട്ടോസ് ചോദിക്കുന്നുണ്ട്. അഡോപ്ഷന്റെ കുറച്ച് നിയമവശങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. അതു കഴിഞ്ഞാല്‍ ഞാന്‍ എല്ലാവരെയും കാണിക്കാം. ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഞങ്ങളെ പ്രാര്‍ഥനയില്‍ ഓര്‍മിക്കണം'', അരുണ്‍ പറഞ്ഞു.

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് അരുണിന്റെയും ദിവ്യയുടെയും വലിയ മനസിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ''അതിഥി ഭാഗ്യവതിയാണ്. കാരണം, നിങ്ങൾ രണ്ടു പേരും അതിഥിക്ക് പെർഫെക്ട് പേരന്റ്സ് ആയിരിക്കും. ധ്രുവ് അവൾക്കു കിട്ടാവുന്ന ഏറ്റവും നല്ല ചേട്ടനും'', എന്നാണ് അലീന പടിക്കൽ കുറിച്ചത്. ''അതിഥിയെ കാണാൻ കാത്തിരിക്കുന്നു'', എന്നാണ് ഗോപിക അനിൽ കമന്റ് ചെയ്തത്. ''നിങ്ങൾ ഒരു വലിയ മനുഷ്യനാണ്'' എന്നാണ് അരുണിന്റെ വീഡിയോയ്ക്കു താഴെ മറ്റൊരാളുടെ കമന്റ്. ഐടി ജോലി രാജി വെച്ചാണ് അരുൺ അഭിനയരംഗത്തേക്ക് എത്തുന്നത്. ഭാര്യ ദിവ്യ റെയിൽവേ ഉദ്യോഗസ്ഥയാണ്. ധ്രുവ് എന്നാണ് ഇവരുടെ മൂത്ത മകന്റെ പേര്.

Read More: മമ്മൂട്ടിക്കൊപ്പം മോഹൻലാലും ചാക്കോച്ചനും നയൻതാരയുമെത്തുന്ന ചിത്രം, പുത്തൻ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക