മൂന്നാമത്തെ കുഞ്ഞ് ഈ വർഷം പിറക്കുമെന്നാണ് അശ്വതി അറിയിച്ചത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. പ്രസില്ല ജെറിന്‍ എന്നാണ് അശ്വതിയുടെ യഥാർത്ഥ പേര്. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയും മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. എന്നാൽ, തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ് മലയാളം സീസണുകളുടെ സമയത്ത് എപ്പിസോഡ് റിവ്യൂസ് പങ്കിട്ടും അശ്വതി ശ്രദ്ധ നേടിയിരുന്നു. മൂന്നാമത്തെ കുഞ്ഞിന്റെ വരവറിയിച്ചുകൊണ്ടാണ് അശ്വതിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.

മൂന്നാമത്തെ കുഞ്ഞ് ഈ വർഷം പിറക്കുമെന്നാണ് അശ്വതി അറിയിച്ചത്. ''നിങ്ങളോട് ഇത് പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെ അധികം എക്‌സൈറ്റ്‌മെന്റുണ്ട്. ഞങ്ങളുടെ കുടുംബം വലുതാകുന്നു. ഞങ്ങളുടെ ഹൃദയം നിറയുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അംഗം 2026ൽ എത്തും. ഞങ്ങളിനി അഞ്ചു പേര്‍'', എന്നാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സീരിയൽ രംഗത്തുള്ളവരും ആരാധകരുമെല്ലാം അശ്വതിക്കും കുടുംബത്തിനും ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അശ്വതി. ജോഹാന്ന, ബ്രിയന്ന എന്നീ രണ്ടു പെൺമക്കളാണ് അശ്വതിക്ക് ഉള്ളത്.

നീണ്ട ഇടവേളയ്ക്കുശേഷം ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെ അഭിനയത്തിലേക്ക് അശ്വതി തിരിച്ച് വന്നിരുന്നു. ലക്ഷ്മി എന്ന കഥാപാത്രമായിട്ടായിരുന്നു അശ്വതിയുടെ രണ്ടാം വരവ്. മല്ലികാ സുകുമാരൻ, അനുമോൾ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച സിറ്റ്കോമാണ് സുരഭിയും സുഹാസിനിയും. വർഷങ്ങൾക്കുശേഷം തിരിച്ച് എത്തിയപ്പോഴും ആ പഴയ സ്വീകാര്യത തന്നെ അശ്വതിക്ക് ലഭിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക