നീരജും പെപ്പെയും ഷെയിന്‍ നിഗവും എല്ലാം വളരെ നല്ല കുട്ടികളാണെന്ന് ബാബു ആന്റണി.
ആക്ഷന്‍ സിനിമകളിലൂടെ ഒരുകാലത്ത് സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തിയ താരമാണ് ബാബു ആന്റണി. നായകനായും സഹനടനായുമൊക്ക ബാബു ആന്റണി മോളിവുഡില്‍ തിളങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സിനിമാ മേഖലയിൽ സജീവമായിരിക്കുകയാണ് താരം. ആർഡിഎക്സ് എന്ന ചിത്രമാണ് മലയാളത്തിൽ ബാബു ആന്റണിയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ അവസരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്.
നീരജും പെപ്പെയും ഷെയിന്‍ നിഗവും എല്ലാം വളരെ നല്ല കുട്ടികളാണെന്ന് ബാബു ആന്റണി പറഞ്ഞു. ഇവരൊക്കെ കുഴപ്പമുണ്ടാക്കുവാണെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും നടൻ പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു ബാബു ആന്റണിയുടെ പ്രതികരണം.
"പുതിയ സിനിമയായ ആര്‍ഡിഎക്‌സില്‍ നീരജും പെപ്പെയും ഷെയിന്‍ നിഗവുമൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ നല്ല കുട്ടികളാണ്. ബാബുചേട്ടായെന്നൊക്കെ വിളിച്ചു വളരെ നല്ല സ്‌നേഹത്തിലാണ്. ഞാന്‍ ഇരിക്കുമ്പോള്‍ അവര്‍ മൂവും ഇരിക്കില്ല. എനിക്ക് നല്ല പിളളാരായിട്ടാണ് എനിക്ക് തോന്നീയത്. ഇവരൊക്കെ ഇങ്ങനെ കുഴപ്പമുണ്ടാക്കുവാണെന്ന് പറയുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്റെ അറിവില്‍ വല്യ സംഭവമൊന്നുമില്ല. എന്തെങ്കിലും ചെറിയ പ്രശ്‌നമുണ്ടെങ്കിലും അത് മീഡിയയില്‍ വരുമ്പോഴാണ് ഇങ്ങനെ. ഞാനുള്ളപ്പോഴൊക്കെ കൃതൃസമയത്ത് അവര്‍ സെറ്റിലെത്തുമായിരുന്നു. അവര്‍ തമ്മില്‍ ഈഗോയുള്ളതായി എന്റെ കാഴ്ചപ്പാടില്‍ തോന്നീയിട്ടില്ല", എന്നാണ് ബാബു ആന്റണി പറഞ്ഞത്.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ഡിഎക്സ്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

