നടനും സംവിധായകനുമായ ബേസിൽ ജോസഫ് 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്' എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു. സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തുവുമായി ചേർന്നാണ് ആദ്യ ചിത്രം നിർമ്മിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നടനും സംവിധായകനുമായ ബേസിൽ ജോസഫ് താൻ ഒരു നിർമാതാവാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്നാണ് നിർമാണ കമ്പനിയുടെ പേര്. ഏത് സിനിമയായിരിക്കും ബേസിൽ ആദ്യമായി നിർമിക്കുകയെന്നറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ. ഇപ്പോഴിതാ ആദ്യ സിനിമ നിർമാണ സംരഭത്തെകുറിച്ച് ബേസിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. എഡ്യൂക്കേഷൻ സെക്റ്ററിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ.അനന്തുവും ബേസിലും ചേർന്നാണ് ആദ്യ സിനിമ നിർമിക്കുക.
സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബറിൽ തുടങ്ങുമെന്നാണ് വിവരം. മിന്നൽ മുരളി,കുഞ്ഞിരാമായണം,ഗോദ എന്നീ ലോകം ക്രിയേറ്റ് ചെയ്ത ബേസിൽ ജോസഫിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേർണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും കരുതിവെച്ചിട്ടുണ്ടാവുകയെന്നറിയാൻ മലയാളികളും കാത്തിരിക്കുകയാണ്. സിനിമയുടെ ടൈറ്റിൽ ടീസർ ഉടൻ പുറത്തുവിടുമെന്ന് ബേസിൽ തന്നെ അറിയിച്ചിട്ടുണ്ട്.
"അങ്ങനെ വീണ്ടും ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു- സിനിമാ നിര്‍മാണം. എങ്ങനെ എന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍, കഥകള്‍ കൂടുതല്‍ നന്നായി, ധൈര്യപൂര്‍വ്വം, പുതിയ രീതികളില്‍ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. എവിടെവരെ പോകുമെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റിലേക്ക് സ്വാഗതം", എന്നായിരുന്നു നിർമാണ കമ്പനിയുടെ ലോഗോ പുറത്തുവിട്ട് നേരത്തെ ബേസിൽ ജോസഫ് കുറിച്ചത്.
അതേസമയം, മരണമാസ് എന്ന ചിത്രമാണ് ബേസില്‍ ജോസഫിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസിൽ ജോസഫിന് പുറമെ അനീഷ്മ അനിൽകുമാർ, ബാബു ആൻ്റണി, സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.



