ഏതാനും നാളുകൾക്ക് മുൻപ് അക്ബറിന്റെ ഉമ്മ, അദില - നൂറയെ എന്നിവര്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തിൽ ചില വാക്കുകൾ പ്രചരിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 7ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് അക്ബർ ഖാൻ. ഗായകൻ എന്ന ലേബലിൽ ബിഗ് ബോസ് ഹൗസിലെത്തിയ അക്ബറിന് ഫാൻ ബേയ്സും ഏറെയാണ്. ഏതാനും നാളുകൾക്ക് മുൻപ് അക്ബറിന്റെ ഉമ്മ, അദില - നൂറയെ എന്നിവര്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തിൽ ചില വാക്കുകൾ പ്രചരിച്ചിരുന്നു. ഇരുവരോടും കൂട്ടുകൂടരുതെന്ന് ഉമ്മ, അക്ബറിനോട് പറഞ്ഞുവെന്നാണ് അഭ്യൂഹങ്ങൾ. കഴിഞ്ഞ ദിവസം ലക്ഷ്മിയും ഇക്കാര്യം ചൂണ്ടിക്കാട്ടി സംസാരിച്ചിരുന്നു. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണെന്നും തന്റെ മകനെ പോലെയാണ് ആദിലയേയും നൂറയേയും കാണുന്നതെന്നും അക്ബറിന്റെ ഉമ്മ പറയുകയാണ്.
"ഞാൻ അക്ബറിന്റെ ഉമ്മയാണ്. ഒരുദിവസം ഞാനെന്റെ മോനെ ഫോണിൽ വിളിച്ചിട്ടുണ്ടായിരുന്നു. അവന് ദേഷ്യം കൂടിയ സമയത്ത് ആയിരുന്നു ഞാനവനെ വിളിച്ചത്. അതൊക്കെ സംസാരിക്കുന്നതിനിടയിൽ ആരോടും കൂട്ട് കൂടി കളിക്കണ്ടെന്ന്. അതിപ്പോൾ ആദിലയോടും നൂറയോടും കൂട്ടുകൂടരുതെന്ന സ്റ്റേറ്റ്മെന്റായാണ് വരുന്നത്. അതെങ്ങനെ അങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. ഞാനങ്ങനെ ഒരുവാക്ക് പറഞ്ഞിട്ടുമില്ല. ആരോടും കൂട്ടുകൂടി കളിക്കണ്ടെന്ന് പറയുമ്പോഴേക്കും ഫോൺ കട്ടായി. ഇന്ന് ലാലേട്ടന്റെ എപ്പിസോഡ് കണ്ടപ്പോഴാണ് പ്രേക്ഷകർ ഇപ്പോഴും തെറ്റിദ്ധിരിച്ചിരിക്കുകയാണെന്ന് മനസിലായത്. വൈൽഡ് കാർഡായി കയറിയ ലക്ഷ്മി അടക്കം ലാലേട്ടനോട് പറഞ്ഞു അക്ബറിന്റെ വീട്ടീന്ന് അങ്ങനെ ഒരു വോയ്സ് വന്നുവെന്ന്. ആ തെറ്റിദ്ധാരണ മാറ്റാനാണ് ഞാനിപ്പോൾ ഈ വോയ്സ് ഇടുന്നത്", എന്ന് അക്ബറിന്റെ ഉമ്മ പറയുന്നു.
"അക്ബർ എന്റെ മകനാണ് എന്നതിൽ അഭിമാനത്തോടെ ഇരിക്കുന്ന സമയമാണിത്. ആ മക്കളെ എന്റെ അക്ബറിനെ പോലെയാണ് കാണുന്നത്. അക്ബർ വേറെ ആ മക്കള് വേറെയെന്ന് ഞാൻ കണക്കാക്കിയിട്ടില്ല. ബിഗ് ബോസ് ഷോ കഴിഞ്ഞ് വരുമ്പോൾ അവരും എന്റെ വീട്ടിലേക്ക് വരുമെന്ന് വിശ്വസിച്ച് ഇരിക്കുന്ന ആളാണ് ഞാൻ. ഞാൻ എല്ലാവരേയും സ്നേഹിക്കാനെ പഠിച്ചിട്ടുള്ളൂ. എന്റെ മോനെയും അതേ ഞാൻ പഠിപ്പിച്ചിട്ടുള്ളൂ. എല്ലാവരും എല്ലാവരേയും സ്നേഹിക്കുക. എനിക്ക് അത്രയെ പറയാനുള്ളൂ", എന്നും ഉമ്മ കൂട്ടിച്ചേർത്തു.



