വർഷങ്ങൾക്ക് ശേഷത്തിന്റെ റിലീസ് വിവരങ്ങളെ പറ്റിയും ധ്യാൻ തുറന്നു പറഞ്ഞു. 

കുട്ടിക്കാലം മുതൽ മലയാളികൾക്ക് സുപരിചിതനാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ പഴയ കാല വീഡിയോകളിലും മറ്റും ധ്യാൻ സജീവമായിരുന്നു. തിര എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ധ്യാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലാണ്. ചേട്ടൻ വിനീത് ശ്രീനിവാസൻ ആണ് സംവിധാനം. അടുത്ത കാലത്തിറങ്ങിയ ധ്യാനിന്റെ സിനിമകളിൽ എല്ലാം തടിച്ച പ്രകൃതം ആയിരുന്നെങ്കിൽ ഈ സിനിമയ്ക്കായി താരം വണ്ണം കുറച്ചിരിക്കുകയാണ്. ഇതെങ്ങനെ സാധിച്ചുവെന്ന ചോ​ദ്യത്തിന് മാധ്യമങ്ങൾക്ക് ധ്യാൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

ചീന ട്രോഫി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ കഴിഞ്ഞിറങ്ങവേ ആയിരുന്നു ധ്യാനിനോടുള്ള ചോദ്യം. "എന്റെ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ തടി കുറിച്ചു. ഓടുന്ന ഒരു പടത്തിന് വേണ്ടി തടി കുറച്ചൂടേടാ..", എന്നാണ് രസകരമായി ധ്യാൻ നൽകിയ മറുപടി. ഒപ്പം വർഷങ്ങൾക്ക് ശേഷത്തിന്റെ റിലീസ് വിവരങ്ങളെ പറ്റിയും ധ്യാൻ തുറന്നു പറഞ്ഞു. 

"ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ നാളെ ഷൂട്ട്(ഡിസംബർ 9). ഡിസംബർ ഇരുപത്തി ഒന്നിട് ഷൂട്ട് തീരും. ഏപ്രിൽ പതിനാലിന് റിലീസ്. 2024 വിഷു നമ്മൾ തൂക്കും. വിഷു തൂക്കി എന്ന് വച്ചോ", എന്നായിരുന്നു ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. ഈ വീഡിയോ വൈറൽ ആയതിന് പിന്നാലെ കമന്റുകളുമായി ആരാധകർ രം​ഗത്തെത്തി. ഇങ്ങേരുടെ ഈ ഹ്യൂമർ സെൻസാണ് മാരകം, ധ്യാനിന് തുല്യം ധ്യാൻ മാത്രം എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'ഈ അനുഭവം ആദ്യം, അതെല്ലാം എന്റെ ശബ്ദം'; സലാറിൽ 'വരദ'യായി കസറാൻ കച്ചകെട്ടി പൃഥ്വിരാജ്

ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. കല്യാണി പ്രിയദര്‍ശന്‍,നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..