സിനിമയിലെത്താൻ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് നടനും സംവിധായകനുമായ അൽത്താഫ് സലിം വെളിപ്പെടുത്തി.

പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനും സംവിധായകനാണ് അൽത്താഫ് സലിം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ഓടും കുതിര ചാടും കുതിര എന്നീ രണ്ട ചിത്രങ്ങളിലൂടെ തന്റെ സംവിധാന മികവ് മലയാള സിനിമയിൽ തെളിയിച്ച അൽത്താഫ് നായകനായും കോമഡി താരമായും കഴിവ് തെളിയിച്ചിട്ടുണ്ട്. അൽത്താഫ് സലിം ഏലിയൻ ആയി എത്തുന്ന പ്ലൂട്ടോ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ജൂലൈ 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ എത്തിപ്പെട്ട വഴികളെ കുറിച്ച് അൽത്താഫ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്

ഷൂട്ടിങ് തുടങ്ങുമ്പോൾ വിളിക്കാമെന്ന് വാക്കുപറഞ്ഞ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് വിവരം താൻ പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും അവസരങ്ങൾക്ക് വേണ്ടി നിരവധി തവണ പലരെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും അൽത്താഫ് പറയുന്നു. കുറേ കഷ്ടപ്പെട്ടും അനുഭവങ്ങളിലൂടെ കടന്നുപോയുമാണ് സിനിമയിൽ എത്തിപ്പെട്ടതെന്നും അൽത്താഫ് പറയുന്നു.

"ഞാൻ പ്ലസ് ടുവിൽ പഠിക്കുന്ന സമയം തൊട്ടേ സിനിമയോട് താത്പര്യമുണ്ടായിരുന്നു. പിന്നെ ബി ടെക് കഴിഞ്ഞതിനു ശേഷമാണ് സിനിമയിലേക്ക് വരുന്നത്. മലർവാടി ആർട്സ് ക്ലബ് പോലുള്ള സിനിമകളൊക്കെ ഇറങ്ങുന്നതിന് മുൻപുള്ള കാലത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. അന്ന് സോഷ്യൽ മീഡിയയൊന്നുമില്ല, ആരുടെയെങ്കിലും കൈയിൽ നിന്ന് നമ്പർ ഒക്കെ കിട്ടുമ്പോൾ മാത്രമേ സിനിമയിലേക്കുള്ള അവസരങ്ങൾ ചോദിക്കാൻ പറ്റുകയുള്ളൂ. ഞാൻ പേര് പറയുന്നില്ല, ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ഒരാളെ വീട്ടിൽ പോയി ഒക്കെ കണ്ടിരുന്നു. അവർ അസോസിയേറ്റിന്റെ നമ്പർ തന്നിട്ട് ഷൂട്ടിംഗ് തുടങ്ങുമ്പോൾ വിളിക്കാം എന്നും പറഞ്ഞു." അൽത്താഫ് പറയുന്നു.

"അങ്ങനെ ഞാൻ കാത്തിരുന്നു. എന്നാൽ പിന്നീട് പത്രത്തിന്റെ സൺഡേ സപ്ലിമെന്റിൽ വാർത്ത കണ്ടപ്പോഴാണ് ആ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങി എന്ന് ഞാൻ അറിയുന്നത്. അങ്ങനെ ഒന്ന് കൈവിട്ടു പോയാൽ പിന്നെയും അടുത്തയാളെ വിളിക്കും. അന്നൊക്കെ ഇത്രയും സിനിമകളൊന്നും ഇല്ലായിരുന്നു. നമ്മൾ പറ്റുന്ന പോലെ എല്ലാവരെയും അവസരങ്ങൾക്ക് വേണ്ടി കോൺടാക്റ്റ് ചെയ്യുമെങ്കിലും അവസരങ്ങൾ തരാൻ ആരും തയ്യാറല്ലായിരുന്നു . പിന്നീട് അൽഫോൻസ് ആണ് 'മതി, ഇനി സിനിമ ചെയ്ത് തുടങ്ങാം' എന്ന് പറയുന്നത്. അങ്ങനെ നമ്മുടെ സ്വന്തം മേഖലയിലേക്ക് സ്വയം തന്നെ ഇറങ്ങിച്ചെല്ലുകയായിരുന്നു. കുറേ കഷ്ടപ്പെട്ടും അനുഭവങ്ങളിലൂടെ കടന്നുപോയുമാണ് സിനിമയിൽ എത്തിപ്പെട്ടത്." അൽത്താഫ് കൂട്ടിച്ചേർത്തു. വീഡിയോ വേൾഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അൽത്താഫിന്റെ പ്രതികരണം.

അതേസമയം അൽത്താഫിന്റെ ഏറ്റവും പുതിയ ചിത്രമായ പ്ലൂട്ടോ ആദിത്യൻ ചന്ദ്രശേഖർ ആണ് സംവിധാനം ചെയ്യുന്നത്. നീർജ മാധവ് ആളാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ആർഷ ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏലിയൻ- കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

YouTube video player