സീതാ രാമം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന റോഡ് ഷോയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ലയാളികളുടെ പ്രിയ യുവതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). മമ്മൂട്ടി എന്ന സൂപ്പർതാരത്തിന്റെ മകൻ എന്ന ലേബലിലാണ് ദുൽഖർ സിനിമയിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്റസ്ട്രിയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. പിന്നീട് മലയാളികളുടെ പ്രിയ കുഞ്ഞിക്കയും ഡിക്യുവും ആയി. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും ദുൽഖർ സജീവമാണ്. നിരവധി ആരാധകരെയാണ് ഇവിടങ്ങളിൽ താരം സ്വന്തമാക്കിയത്. ഇപ്പോഴിതാ സീതാ രാമം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന റോഡ് ഷോയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ആന്ധ്രയിലെ വിജയവാഡയിൽ എത്തിയ ദുൽഖറിന് വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയത്. പ്രിയ താരത്തെ കാണാൻ റോഡുകളിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ റോഡ് ഷോ മുഖാന്തരം ആണ് ദുൽഖർ വേദിയിൽ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ദുൽഖർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് സീതാ രാമം എന്ന ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ചിത്രം ഓ​ഗസ്റ്റ് 5ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മൃണാള്‍ ആണ് നായിക. രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, ഇന്ന് രാവിലെ മമ്മൂട്ടിയെ കാണാൻ ആലപ്പുഴയിൽ തടിച്ചു കൂടിയ ജനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ സന്നിഹിതരയിരുന്നു. ഒപ്പം റോഡ് നിറഞ്ഞ് ജനങ്ങളും. റോഡ് ബ്ലോക്കായപ്പോൾ, 'നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം', എന്ന് മമ്മൂട്ടി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 

മമ്മൂട്ടിയുടെ ഒന്നൊന്നര വരവ്, ജന സാ​ഗരം, 'എത്രയും വേഗം പരിപാടി തീര്‍ക്കണ'മെന്ന് താരം !