സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്.

ഹദ് ഫാസിലിന്റേതായി ഒടുവിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'മലയൻകുഞ്ഞ്'(Malayankunju). നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മലയൻകുഞ്ഞ് ഓഗസ്റ്റ് 11ന് ഒടിടിയിൽ എത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിം​ഗ്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും. 30 അടി താഴ്ചയിൽ അകപ്പെട്ട അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് മലയൻകുഞ്ഞ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഫഹദിന്റെ മറ്റൊരു മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. 

രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആര്‍ റഹ്മാന്‍ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും മലയൻകുഞ്ഞിന് ഉണ്ട്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍.

​Malayankunju : എ ആർ റഹ്മാന്റെ ​'ചോലപ്പെണ്ണേ..​'; ഫഹദിന്റെ ​'മലയൻകുഞ്ഞ്' വീഡിയോ ​ഗാനം എത്തി

വിക്രം ആണ് ഫഹദിന്‍റേതായി തമിഴില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. കമല്‍ഹാസന്‍ നായകനായി എത്തിയ ചിത്രത്തില്‍ വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. അതേസമയം, പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഫഹദ് ആരാധകരിപ്പോള്‍. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.