ചെക്ക് കേസിൽ ജയിലിലായതിനെ തുടർന്ന് തൻ്റെ വിദ്യാഭ്യാസത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ നടത്തിയ പരാമർശത്തിന് മറുപടിയുമായി നടൻ രാജ്‍പാല്‍ യാദവ്

ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട് ജയിലിലായ പ്രശസ്ത ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവ് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. താന്‍ ഹിന്ദിയില്‍ ഒരുക്കിയ ഒട്ടുമിക്ക ചിത്രങ്ങളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജ്പാല്‍ യാദവിനെക്കുറിച്ച് നിലവിലെ കേസിന്‍റെ പശഅചാത്തലത്തില്‍ പ്രിയദര്‍ശന്‍ പങ്കുവച്ച അഭിപ്രായവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രാജ്പാല്‍ യാദവ് ഒരു പാവം മനുഷ്യനാണെന്നും എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ പോരായ്മ അദ്ദേഹത്തിന് ഉണ്ടെന്നുമായിരുന്നു അദ്ദേഹം കേസില്‍ കുടുങ്ങിയതിനെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്. ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്പാല്‍ യാദവ്.

രാജ്‍പാല്‍ യാദവ് പറയുന്നു

“മോശം വിദ്യാഭ്യാസത്തിന് ഞാന്‍ പെട്ട സാഹചര്യത്തില്‍ പങ്കൊന്നുമില്ല. അത് പൂര്‍ണ്ണമായും തെറ്റായ വിലയിരുത്തലാണ്. ഞാന്‍ നല്ല വിദ്യാഭ്യാസമുള്ള ഒരാളാണ്. 11-ാം വയസ് മുതല്‍ ഞാന്‍ ജോലി ചെയ്യുന്നു. ഏറ്റവും വലിയ ആളുകള്‍ പോലും ചിലപ്പോള്‍ പ്രശ്നത്തില്‍ അകപ്പെടും. പക്ഷേ അതിന് അവരുടെ വിദ്യാഭ്യാസവുമായി ബന്ധമൊന്നുമില്ല. ഞാന്‍ വിദ്യാഭ്യാസം കുറഞ്ഞ ഒരാളായിരുന്നുവെങ്കില്‍ ഇന്‍ഡസ്ട്രിയില്‍ 25- 30 വര്‍ഷം തുടരാന്‍ കഴിയുമായിരുന്നില്ല”, രാജ്പാല്‍ യാദവ് പറഞ്ഞു. അതേസമയം പ്രിയദര്‍ശനോട് തനിക്കുള്ള ബഹുമാനത്തെക്കുറിച്ചും രാജ്പാല്‍ യാദവ് പറയുന്നുണ്ട്- “ഞാന്‍ ഏറ്റവും ബഹുമാനത്തോടെ കാണുന്ന സംവിധായകര്‍ മൂന്ന് പേരാണ്. രാം ഗോപാല്‍ വര്‍മ്മ, ഡേവിഡ് ധവാന്‍, പിന്നെ പ്രിയദര്‍ശന്‍. ഇവര്‍ക്കൊപ്പം മാത്രം ഞാന്‍ 50 സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രിയന്‍ജിയുടെ മകനെപ്പോലെയാണ് ഞാന്‍. പക്ഷേ പ്രിയന്‍ജിക്കോ മറ്റുള്ളവര്‍ക്കോ എന്‍റെ മുഴുവന്‍ കഥയും അറിയില്ല. അതിനാല്‍ അത്തരം വിലയിരുത്തലുകള്‍ക്ക് മൂല്യമില്ല”, രാജ്പാല്‍ യാദവ് പറഞ്ഞു.

രാജ്പാല്‍ യാദവ് എന്ന നടനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് പ്രിയദര്‍ശന്‍. ജംഗിള്‍ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹത്തെ താന്‍ ആദ്യമായി ശ്രദ്ധിക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ തന്‍റെ മാലാമല്‍ വീക്ക്ലി എന്ന ചിത്രത്തില്‍ രാജ്പാലിന് പ്രിയദര്‍ശന്‍ അവസരം കൊടുക്കുകയായിരുന്നു. നടന്‍റെ സാഹചര്യം പരിഗണിച്ച് തന്‍റെ വരാനിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്ത പ്രതിഫലം വര്‍ധിപ്പിക്കുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. സിനിമയില്‍ തുടര്‍ച്ചയായി അദ്ദേഹത്തിന് ജോലി ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും. 9 കോടിയുടെ ചെക്ക് കേസിലാണ് രാജ്പാല്‍ യാദവ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

Asianet News Live | Malayalam Live News | Khamenei Death | Iran-Israel conflict | Breaking News