വേറിട്ട ഗെറ്റപ്പിൽ മാസായാണ് പ്രശാന്ത് ചിത്രത്തിൽ എത്തുന്നതെന്ന് ഫോട്ടോകളില്‍ നിന്നും വ്യക്തമാണ്.
പുതുനിര സംവിധായകരിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് 'മലൈക്കോട്ടൈ വാലിബൻ' ശ്രദ്ധനേടാൻ കാരണം. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ചിത്രം പ്രഖ്യാപിച്ചത് പ്രേക്ഷകരിൽ പ്രതീക്ഷയുണർത്തി. സിനിമയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനിലെ നടന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്.
വേറിട്ട ഗെറ്റപ്പിൽ മാസായാണ് പ്രശാന്ത് ചിത്രത്തിൽ എത്തുന്നതെന്ന് ഫോട്ടോകളില്‍ നിന്നും വ്യക്തമാണ്. മാസ് ആക്ഷൻ ചിത്രമാകും ലിജോ ജോസ് ഒരുക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നാണ് ആരാധകർ പറയുന്നത്. മോഹൻലാലിന്റെ ഫാൻ പേജുകളിലും വിവിധ ട്വിറ്റർ ഹാൻഡിലുകളിലും ഹരി പ്രശാന്തിന്റെ ഫോട്ടോകൾ പ്രചരിക്കുന്നുണ്ട്.
അതേസമയം, മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ പുരോഗമിക്കുക ആണ്. പൂർണമായും ഇവിടെ തന്നെയാകും എൽജെപി- മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് അണിയറക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം.
പി എസ് റഫീക്കിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റഫീക്ക് ആയിരുന്നു. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. ചുരുളിക്കു ശേഷം ലിജോ- മധു നീലകണ്ഠന്‍ ടീം ഒരുമിക്കുന്ന ചിത്രവുമാണ് വാലിബന്‍. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മലൈക്കോട്ടൈ വാലിബൻ, റാം, ജയിലർ...; മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കി 2023
