ജനുവരി 11നാണ് ഓസ്‌ലർ തിയറ്ററിൽ എത്തുന്നത്.
ഒരു മുഖവുരയുടെയും ആവശ്യമില്ലാതെ മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ജയറാം. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ജയറാം അഭിനയിച്ച് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങളാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും കസറുന്ന ജയറാമിന്റെ വൻ തിരിച്ചുവരവ് സിനിമയാകാൻ പോകുകയാണ് ഓസ്‌ലർ. ചിത്രം മറ്റന്നാൾ തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
"ഇവരുമായി സൗഹൃദം ഉണ്ടാകുക എന്നത് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. ഇവരെയൊക്കെ നമ്മൾ സ്ക്രീനിന് മുന്നിലിരുന്ന് വാപൊളിച്ചിരുന്ന് കണ്ടിട്ടുള്ളവരാണ്. അവരെ അടുത്ത് കാണാൻ പറ്റുക. പത്ത് മുപ്പത്തഞ്ച് വർഷക്കാലം ദൂരത്ത് നിന്നെങ്കിലും ഒരു സുഹൃത്ത് എന്ന് പറയുക. അതൊക്കെ തന്നെ വലിയ കാര്യമാണ്. അവര് നമുക്ക് തരുന്ന സ്നേഹത്തിന് ദൈവത്തോട് നന്ദി പറയുക എന്നെ ഉള്ളൂ", എന്നാണ് ജയറാം പറയുന്നത്. ഓസ്‌ലറിന്റെ പ്രമോഷൻ അഭിമുഖത്തിൽ ആയിരുന്നു ജയറാമിന്റെ പ്രതികരണം.
"ജീവിതത്തിലെ എന്റെ എല്ലാ നല്ല മുഹൂർത്തങ്ങളും നല്ല കാര്യങ്ങളും വിജയങ്ങളും തോൽവികളും എല്ലാം ഞാൻ ഷെയർ ചെയ്യുന്നൊരു വല്ല്യേട്ടനാണ് മമ്മൂക്ക. ഒരുപാട് കാര്യങ്ങൾ. എത്രയോ വർഷങ്ങളായി. എനിക്ക് ഒത്തിരി പരാജയം വന്നപ്പോൾ, സന്തോഷങ്ങൾ വരുമ്പോൾ എല്ലാം. പസിക്കിത് മണി എന്ന പെർഫോമൻസ് ഹിറ്റാകുന്ന സമയത്ത് അദ്ദേഹത്തിന്റെ റൂമിൽ പ്രോജക്ടറിൽ ഇട്ട് കണ്ടോണ്ടിരിക്കയാണ്. എന്നിട്ട് എന്നെ റൂമിൽ വിളിപ്പിച്ചു. എടാ ഞാൻ എത്ര പ്രാവശ്യം കണ്ടെന്ന് അറിയോ എന്ന് പറഞ്ഞു. ഈ അഭിനന്ദിക്കുക എന്നത് വലിയ മനസാണെന്ന് അറിയോ", എന്നാണ് ജയറാം പറയുന്നത്.
സ്വന്തം സ്വപ്നക്കൂട്, വില കേട്ടാൽ ഞെട്ടും; പുതിയ അതിഥിക്ക് മുൻപ് ദ്വീപിൽ വീടൊരുക്കി പേളി !
അതേസമയം, ജനുവരി 11നാണ് ഓസ്‌ലർ തിയറ്ററിൽ എത്തുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഏവരും. ഓസ്‌ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അണിയറ പ്രവർത്തകർ തുറന്നു പറച്ചിലുകൾ നടത്തിയിട്ടില്ല.
