'രണ്ടാം ഭാവം' എന്ന ചിത്രത്തിലെ ഗാനരംഗത്തിന്റെ രഹസ്യം വെളിപ്പെടുത്തി ലെന.

വൻ ഹിറ്റായില്ലെങ്കിലും വേറിട്ട ആഖ്യാനത്തിന്റെ പ്രത്യേകതയാല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് 'രണ്ടാം ഭാവം'. സുരേഷ് ഗോപിയും ലെനയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ലാല്‍ ജോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലെ 'മറന്നിട്ടുമെന്തിനോ' എന്ന ഗാനത്തിന്റെ ഒരു രഹസ്യം സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ലെന.

ഈ ഗാന രംഗത്ത് എന്റെ നാവില്‍ കളര്‍ വന്നതിന്റെ രഹസ്യം വെളിപ്പെടുത്താൻ പോകുകയാണ്. 2000ത്തിലെ മനോഹരമായ ഒരു ദിവസത്തില്‍ രാവിലെയാണ് ഞങ്ങള്‍ ഈ ഗാനം ചിത്രീകരിച്ചത്. കുറച്ച് ഞാവല്‍ പഴം ഞാൻ കഴിച്ചിട്ടും എന്റ നാവില്‍ പര്‍പ്പിള്‍ കളര്‍ വന്നില്ല. ഒടുവില്‍ സംവിധായകൻ ലാല്‍ ജോസ് എന്റെ നാവില്‍ കളര്‍ വരുത്താൻ കലാസംവിധായകനോട് പറഞ്ഞു. അതാണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. 'മറന്നിട്ടുമെന്തിനോ' 4കെയിലേക്ക് റീമാസ്റ്റര്‍ ചെയ്‍തിരിക്കുകയാണ്. മറക്കാനാകാത്ത ആ ഗാനം മികച്ച ക്ലാരിറ്റിയില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും ലെന എഴുതിയിരിക്കുന്നു.

View post on Instagram

'രണ്ടാം ഭാവം' 2001ല്‍ ആയിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സുരേഷ് ഗോപിക്കും ലെനയ്ക്കും പുറമേ ബിജു മേനോൻ, തിലകൻ, നെടുമുടി വേണു, നരേന്ദ്ര പ്രസാദ്, ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്‍ണൻ, അഗസ്റ്റിൻ, ജനാര്‍ദ്ദനൻ, പൂര്‍ണിമ, സുകുമാരി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. രഞ്‍ജൻ പ്രമോദാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ രചനയില്‍ വിദ്യാസാഗര്‍ സംഗീതം നല്‍കി പി ജയചന്ദ്രൻ, സുജാത മോഹൻ എന്നിവരായിരുന്നു 'മറന്നിട്ടുമെന്തിനോ' എന്ന ഗാനം ആലപിച്ചിച്ചത്.

'സ്‍നേഹം' എന്ന ചിത്രത്തിലൂടെയായിരുന്നു ലെന ആദ്യമായി വെള്ളിത്തിരയുടെ ഭാഗമായത്. 'കരുണം', 'ഒരു ചെറു പുഞ്ചിരി', 'ദേവദൂതൻ', 'ഇന്ദ്രിയം', 'കൊച്ച് കൊച്ച് സന്തോഷങ്ങള്‍', 'ശാന്തം' തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളില്‍ വേഷമിട്ട ലെന 'രണ്ടാം ഭാവ'ത്തില്‍ നായിക പ്രാധാന്യമുള്ള കഥാപാത്രമായി. തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ഒരിടവേളയെടുത്ത ലെന തിരിച്ചുവരുന്നത് 2007ല്‍ 'ബിഗ് ബി' എന്ന ചിത്രത്തിലൂടെയാണ്. 'മോണ്‍സ്റ്റര്‍' എന്ന ചിത്രമാണ് ലെനയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

Read More: എക്കാലത്തെയും മികച്ച 50 താരങ്ങള്‍, ബ്രിട്ടിഷ് മാഗസിന്റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാൻ മാത്രം