സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു അന്ന് മധു ചെയ്‍തത് എന്നത് കാലം കാത്തുവച്ച കൗതുകമായിരുന്നു.

മലയാളികളുടെ പ്രിയ നടനും മലയാള സിനിമയിലെ കാരണവരുമായ മധുവിന് ഇന്ന് നവതിയുടെ നിറവ്. കാലത്തിന്‍റെ തിരശ്ശീലയില്‍ തന്‍റെതെന്ന് പറയാവുന്ന കൈയ്യൊപ്പുകള്‍ ഏറെ ചര്‍ത്തിയ നടനാണ് മധു. മാധവന്‍ നായര്‍ എന്ന വ്യക്തി മധു എന്ന മലയാളിയുടെ പ്രിയപ്പെട്ട നടനായി മറിയത് അദ്ധ്യാപന ജോലി ഉപേക്ഷിച്ചാണ്.

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്‍തംബർ 23ന് മധു ജനിച്ചത്. മലയാള സിനിമയുടെ ബാല കൌമരവും യുവത്വവും പിന്‍കാലത്തെ മഹത്തായ നേട്ടങ്ങളും എല്ലാം കണ്ട ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വ സിനിമ നടന്മാരില്‍ ഒരാള്‍. അഭിനയത്തോടൊപ്പം സംവിധാനത്തിലും നിർമാണത്തിലും എല്ലാം മധു കൈയ്യൊപ്പം പതിപ്പിച്ചിട്ടുണ്ട്.

കോളേജ് അദ്ധ്യാപകനെന്ന ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് മധു എത്തുന്നത്. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായിരുന്നു മധു. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മധു. എന്നാല്‍ അധികം വൈകാതെ ജോലി രാജിവച്ച് നാഷണൽ സ്‍കൂൾ ഒഫ് ഡ്രാമയിൽ അഭിനയം പഠിക്കാൻ പോയത്.

1959ൽ നാഷണൽ സ്‍കൂൾ ഒഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ ഏക മലയാളിയാണ് മധു. ഈ കാലത്താണ്‌ രാമു കാര്യാട്ടുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും സിനമയുടെ ലോകമായിരുന്നു കാലം മധുവിന് കാത്തുവച്ചിരുന്നത്.

എന്നാല്‍ നടനായി മധുവിന്‍റെ അരങ്ങേറ്റ ചിത്രം മലയാളം ആയിരുന്നില്ല. ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു മധു വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തില്‍ അന്നത്തെ ആസ്ഥാന പേരിടല്‍ കാരണവരായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു എന്ന് വിളിച്ചത്. ആദ്യം അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ.പിഷാരടി സംവിധാനം ചെയ്‍ത നിണമണിഞ്ഞ കാല്‍പാടുകളായിരുന്നു. ഈ ചിത്രത്തിൽ പ്രേംനസീറിന്റെ നായക കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം മധു പുറത്തെടുത്തു. സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു അന്ന് മധു ചെയ്‍തത് എന്നത് കാലം കാത്തുവച്ച മറ്റൊരു കൗതുകയായിരുന്നു.

Read More: ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക