ജൂൺ 23 ആകുമ്പോഴേക്കും സിനിമ റിലീസ് ചെയ്തിട്ട് അഞ്ച് മാസമാകും.
പുതിയ സിനിമകൾ ഒടിടിയിൽ എത്താൻ കാത്തിരിക്കുന്ന നിരവധി പേരുണ്ട്. റിലീസ് ചെയ്ത് ഒരുമാസവും അഞ്ച് മാസവും എന്തിനേറെ വർഷങ്ങൾ പിന്നിട്ട സിനിമകൾ വരെ ഒടിടിയിൽ എത്താനായി പ്രേക്ഷകർ കാത്തിരിക്കും. കാണാത്തവർക്ക് കാണാനും കണ്ടവർക്ക് വീണ്ടും കാണാനുമൊക്കെയുള്ള കാത്തിരിപ്പാണ് അത്. അത്തരത്തിൽ കഴിഞ്ഞ നാല് മാസത്തിലേറെയായി മലയാളികൾ ഒടിടി റിലീസിനായി നോക്കിയിരിക്കുന്നൊരു സിനിമയുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ആണ് ആ ചിത്രം.
ഈ വർഷം മമ്മൂട്ടിയുടേതായി ഏറ്റവും ആദ്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ജനുവരി 23ന് ആയിരുന്നു റിലീസ്. തമിഴകത്തിന്റെ ഹിറ്റ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്ന ലേബലിൽ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.

ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 19.6 കോടിയാണ് ആഗോളതലത്തിൽ ഡൊമനിക് നേടിയത്. ഇവരുടെ കണക്ക് പ്രകാരം നാല് ദിവസം വരെ ഒരുകോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രത്തിന് അഞ്ചാം ദിനം മുതൽ ഇടിവ് നേരിട്ടു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടി രൂപയാണ് സിനിമയുടെ ബജറ്റ്.
നിലവിൽ സിനിമ ഒടിടിയിൽ എത്തുന്നുവെന്ന അഭ്യൂഹങ്ങൾ നടക്കുകയാണ്. പക്ഷേ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ വന്നിട്ടില്ല. നേരത്തെ മാർച്ച് 7ന് ഡൊമനിക് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും റിലീസ് ചെയ്തില്ല. നിലവിൽ ജൂണിൽ മമ്മൂട്ടി ചിത്രം സ്ട്രീമിംഗ് ചെയ്യുമെന്ന് പറയപ്പെടുന്നുണ്ട്. ആമസോൺ പ്രൈമിനോ ഹോട്സ്റ്റാറിനോ ആണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക വിശദീകരണം വരുമെന്നാണ് വിവരം. ജൂൺ 23 ആകുമ്പോഴേക്കും ഡൊമനിക് റിലീസ് ചെയ്തിട്ട് അഞ്ച് മാസമാകും.


