നെറ്റ് ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്.
വൻ ആഘോഷമാക്കി തിയറ്ററുകളിൽ എത്തിയ സിനിമയാണ് തഗ് ലൈഫ്. മുപ്പത്തി ഏഴ് വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു പടത്തിന്റെ യുഎസ്പി. അതുകൊണ്ട് തന്നെ പ്രമോഷനുകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചും. എന്നാൽ ജൂൺ 5ന് തഗ് ലൈഫ് തിയറ്ററുകളിലെത്തിയപ്പോൾ കഥകളെല്ലാം മാറിമറിഞ്ഞു. സമ്മിശ്ര പ്രതികരങ്ങൾക്കൊപ്പം വൻ വിമർശനങ്ങളും ചിത്രത്തെ തേടി എത്തി. സോഷ്യൽ മീഡിയയിൽ എങ്ങും ട്രോളുകളും നിറഞ്ഞു.
റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ തഗ് ലൈഫ് ഉടൻ ഒടിടിയിൽ എത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. 300 കോടി(റിപ്പോര്‍ട്ടുകള്‍) അടുപ്പിച്ച് മുടക്കി എടുത്ത പടം ഇത്രയും പെട്ടെന്ന് എന്തിന് ഒടിടിയിലേക്ക് വിടുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു, വരുമാനം വളരെ കുറവ്. റിലീസ് ചെയ്ത് അഞ്ച് ദിവസം വരെയുള്ള കണക്ക് പ്രകാരം തമിഴ്നാട്ടിൽ പോലും 50 കോടി കടക്കാൻ തഗ് ലൈഫിന് സാധിച്ചിട്ടില്ല. ആഗോളതലത്തിലും വളരെ കുറവാണ് കളക്ഷൻ.
നെറ്റ് ഫ്ലിക്സിനാണ് തഗ് ലൈഫിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയത്. എട്ട് ആഴ്ച കഴിഞ്ഞ് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിലീസിന് മുൻപുണ്ടായ തീരുമാനം. പക്ഷേ റിലീസ് ചെയ്ത് നാല് ആഴ്ചക്കുള്ളിലാണ് ഇപ്പോൾ സ്ട്രീമിംഗ് തുടങ്ങാൻ പോകുന്നതെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
റിലീസ് ദിവസമായ ജൂൺ 5ന് കമൽഹാസൻ നേടിയത് 15.5 കോടി രൂപയാണ്. ഇന്ത്യ നെറ്റ് മാത്രമാണിത്. സമ്മിശ്ര പ്രതികരണത്തിന് പിന്നാലെ ഇടിവ് കളക്ഷനിൽ രേഖപ്പെടുത്തി. കേരളത്തിൽ ഇതുവരെ 2.8 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 85 കോടിയാണ് ഇതുവരെ തഗ് ലൈഫ് നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ 35 കോടിയും നേടിയിട്ടുണ്ട്. എന്തായാലും തഗ് ലൈഫ് എന്ന് ഒടിടിയിൽ എത്തും എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.



