രഹസ്യങ്ങള്‍ എല്ലാവരും അറിയട്ടേയെന്ന് തമാശയോടെയാണ് താരം വ്യക്തമാക്കിയത്.
പ്രായം പിന്നോട്ടാണെന്നാണ് മമ്മൂട്ടിയെ കുറിച്ച് താരങ്ങളും ആരാധകരുമെല്ലാം അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടെ ഓരോ പുതിയ സ്റ്റൈലൻ ഫോട്ടോകളും കാണുമ്പോള്‍ അങ്ങനെയാണ് തോന്നുക. ഫാഷനലിലും മുന്നിലാണ് എന്നും മമ്മൂട്ടി. ഇപ്പോള്‍ മമ്മൂട്ടി മുടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയിലായിരുന്നു മമ്മൂട്ടിയുടെ തമാശകലര്‍ന്ന വെളിപ്പെടുത്തില്‍. നടൻ വിജയരാഘവന് അവാര്‍ഡ് സമ്മാനിക്കവേയായിരുന്നു താരത്തിന്റെ തമാശ. 'പൂക്കാലം' എന്ന ചിത്രത്തിലൂടെ സഹനടനുള്ള അവാര്‍ഡ് വിജയരാഘവൻ നേടിയിരുന്നു. 'പൂക്കാല'ത്തില്‍ മൊട്ടയടിച്ച വിജയരാഘവൻ ഇപ്പോള്‍ വന്നത് നരച്ച മുടിയായിട്ടാണ് എന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. മൊട്ടയടിച്ച് കുറേ പണം നേടി. ഇനി നരച്ച മുടികൊണ്ടും പണം സ്വന്തമാക്കും വിജയരാഘവൻ എന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. ഇല്ല ഡൈ ചെയ്യാൻ പോകുകയാണ് താൻ, അല്ലെങ്കില്‍ വൃദ്ധ വേഷങ്ങളേ ലഭിക്കൂവെന്നും വിജയരാഘവൻ മറുപടി നല്‍കി. എന്റെയൊക്കെ മുടി നരച്ചതാ, ഡൈയടിച്ചതായെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ മറുപടി. രഹസ്യങ്ങള്‍ എല്ലാവരും അറിയട്ടേയെന്നും തമാശയോടെ താരം വ്യക്തമാക്കി. മറ്റ് നടീ നടൻമാരും മമ്മൂട്ടി പറയുന്നത് കേട്ട് ചിരിക്കുന്നത് കാണാമായിരുന്നു. ചെറുപ്രായത്തില്‍ വൃദ്ധ കഥാപാത്രത്തെ മികച്ച രീതിയില്‍ വിജയരാഘവൻ അവതരിപ്പിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി അഭിനന്ദിച്ചു. നെടുമുടി വേണുവൊക്കെ അങ്ങനെ ചെയ്‍തിട്ടുണ്ട്. വിജയരാഘവനാണ് ഇത്രയും പ്രായമായി അഭിനയിക്കുന്നത്. തനിക്ക് അടുത്ത സൗഹൃദവുമുണ്ട് വിജയരാഘവനുമായി. വിജയരാഘവൻ എന്റെ മകനായും അഭിനയിച്ചിട്ടുണ്ട്. 'ഡാനി' എന്ന ചിത്രത്തില്‍ അത്തരം ഒരു കഥാപാത്രമായിരുന്നു എന്ന് മമ്മൂട്ടി വ്യക്തമാക്കി. തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തില്‍ എന്ന് വിജയരാഘവൻ ഓര്‍മിക്കുകയും ചെയ്‍തു.
ടി വി ചന്ദ്രൻ സംവിധാനം ചെയ്‍ത ചിത്രമാണ് 'ഡാനി'. 'ഡാനി'യെന്ന ടൈറ്റില്‍ റോളായിരുന്നു മമ്മൂട്ടി. 'റോബര്‍ട്ട്' എന്ന കഥാപാത്രമായി വിജയരാഘവനുമെത്തി. 'ഡാനി'ക്ക് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു.
ഗണേഷ് രാജ് സംവിധാനം ചെയ്‍ത ചിത്രമാണ് 'പൂക്കാലം'. 'ഇട്ടൂപ്പ്' എന്ന കേന്ദ്ര കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ വിജയരാഘവൻ വേഷമിട്ടത്. 100 വയസുള്ള കഥാപാത്രമായിരുന്നു അത്. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ വിജയരാഘവന്റേത്.
