എന്നും സ്‍നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയിരുന്നു സേതു സാറെന്ന് മമ്മൂട്ടി.


സംവിധായകൻ കെ എസ് സേതുമാധവനെ (K S Sethumadhavan) ആദരവോടെ ഓര്‍ത്ത് മമ്മൂട്ടി (Mammootty). സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്‍നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്‍ജലികൾ എന്നാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്. 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യം അഭിനയിച്ചത്. കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ സത്യനായിരുന്നു നായകനായി അഭിനയിച്ചത്.

'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലൂടെ 1971ലായിരുന്നു മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിലെത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. കെ എസ് സേതുമാധവൻ ചിത്രത്തിലെ ഓര്‍മകള്‍ മമ്മൂട്ടി ഒരു ഫോട്ടോ പങ്കുവെച്ച് എഴുതിയിരുന്നു. സെല്ലുലോയിഡിൽ ഞാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടതിൽ നിന്നുള്ള ഒരു സ്‍കീൻ ഗ്രാബാണിത്, ഇത് ചെയ്‍ത വ്യക്തിക്ക് നന്ദിയെന്നും പറഞ്ഞായിരുന്നു മമ്മൂട്ടി ഫോട്ടോ പങ്കുവെച്ചത്.

 മറ്റൊരു കാലഘട്ടത്തിൽ നിന്ന് അത്തരം ഉജ്ജ്വലമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നുവെന്നും മമ്മൂട്ടി പറയുന്നു. 

സത്യൻ മാസ്റ്ററുടെ അതേ സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ ഭാഗ്യം എനിക്ക് ലഭിച്ചു. ഷൂട്ടിംഗിന്റെ ഇടവേളയില്‍ അദ്ദേഹം ഉറങ്ങുമ്പോൾ ഒരിക്കൽ കാലിൽ സ്‍പർശിച്ചത് താൻ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

സത്യൻ നായകനായ ഒരു ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ മമ്മൂട്ടിയെ പ്രധാന കഥാപാത്രമായി തന്നെ പിന്നീട് കെ എസ് സേതുമാധവൻ ക്ഷണിച്ചു. 'അറിയാത്ത വീഥികള്‍' എന്ന ചിത്രത്തില്‍ മോഹൻലാലിനൊപ്പം മമ്മൂട്ടി കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ അഭിനയിച്ചു. 'അവിടത്തെ പോലെ ഇവിടെയും' സിനിമയിലും മമ്മൂട്ടിയും മോഹൻലാലുമായിരുന്നു കെ എസ് സേതുമാധവന്റെ നായകൻമാര്‍. കെ എസ് സേതുമാധവൻ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചതൊക്കെ ഹിറ്റാകുകയും ചെയ്‍തു.

'ജ്ഞാനസുന്ദരി'യാണ് കെ എസ് സേതുമാധവൻ ആദ്യമായി സംവിധാനം ചെയ്‍ത മലയാള സിനിമ. 'വീരവിജയ' എന്ന സിംഹളീസ് ചിത്രത്തിലൂ 1960ലാണ് കെ എസ് സേതുമാധവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്. മറുപക്കം എന്ന തമിഴ് ചിത്രം കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ ദേശീയ അവാര്‍ഡ് നേടി.മലയാളത്തിന്റെ സാഹിത്യ കൃതികള്‍ സിനിമയാക്കിയ സംവിധായകരില്‍ ഒന്നാമനാണ് കെ എസ് സേതുമാധവൻ.