ജീവിതത്തില്‍ പ്രധാനപ്പെട്ട രണ്ടു പേരെ കുറിച്ച് മഞ്‍ജു പിള്ള.

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാണ് മഞ്ജു പിള്ളയും വീണ നായരും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. തട്ടീം മുട്ടീം എന്ന പരമ്പരയിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. പരമ്പരയിൽ മഞ്ജു അവതരിപ്പിച്ച മോഹനവല്ലിയുടെ നാത്തൂൻ കഥാപാത്രമായ കോകിലയെ അവതരിപ്പിച്ചത് വീണ ആയിരുന്നു. തനിക്ക് സ്പെഷ്യലായ ഒരാളാണ് മഞ്ജു പിള്ളയെന്ന് വീണാ നായർ പല തവണ പറഞ്ഞിട്ടുമുണ്ട്. ഇപ്പോളിതാ വീണാ നായരുടെ യൂട്യൂബ് ചാനലിൽ മഞ്ജു പിള്ള നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

''ജീവിതത്തെ പിടിച്ചുനിർത്തിയ വ്യക്തികൾ ആരാണെന്ന ചോദ്യത്തിനും അഭിമുഖത്തിൽ മഞ്ജു പിള്ള മറുപടി പറയുന്നുണ്ട്. തന്റെ അമ്മയും മകളുമാണ് ജീവിതത്തിൽ മാറ്റിനിർത്താൻ പറ്റാത്ത വ്യക്തികളെന്ന് മഞ്ജു പറയുന്നു. ''അമ്മ, എന്റെ മകൾ. ഈ രണ്ട് പേരുമാണ് എനിക്ക് ജീവിതത്തിൽ മാറ്റിനിർത്താൻ സാധിക്കാത്ത രണ്ട് പേർ.

അതിൽ അമ്മ ലൈഫ് ലോങ്ങ് നമ്മുടെ കൂടെ ഉണ്ടാകും. മകൾ അവരുടെ ലൈഫിലേക്ക് പോകും. മകൾ മറ്റൊരു ജീവിതത്തിലേക്ക് പോയാലും നമ്മൾ അവളുടെ പിറകെ പോകും. അവൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നമ്മൾ കൂടെ പോകും.

അമ്മയോളം വരില്ല ഒന്നും. മക്കളെ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കുന്നത് അമ്മ മാത്രമാണ്. ഇപ്പോഴും എന്റെ ഫോണെടുത്ത് നോക്കുമ്പോൾ അതിൽ ഒരു മേസേജ് ഉണ്ടാകും. രാത്രി കിടക്കാൻ നേരത്തും എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കുന്ന ഒരു വോയിസ് മെസേജ് എത്തും. അത് നമ്മുടെ മക്കൾ ചിലപ്പോൾ ചോദിച്ചെന്ന് വരില്ല. അവർ അങ്ങനെ ചോദിക്കാത്തത് സ്‌നേഹക്കുറവുകൊണ്ടൊന്നുമല്ല. നമ്മുടെ എല്ലാം അമ്മമാരും അങ്ങനെയാണ്'', മഞ്ജു പിള്ള അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യു