പാട്രിയേറ്റ് മറ്റൊരു നാഴിക കല്ലാകുമോന്ന ചോദ്യത്തിനും മറുപടി. 

ലയാള സിനിമയുടെ രണ്ട് സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഇരുവരും മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളാണ്. അതും മറ്റാരാലും പകർന്നാടാൻ സാധിക്കാത്തത്. എത്രയൊക്കെ ഫാൻ ഫൈറ്റുകൾ പുറത്തുനടന്നാലും അതൊന്നും തന്നെ ഇരുവരുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മമ്മൂട്ടിക്കൊരു ആരോ​ഗ്യ പ്രശ്നം വന്നപ്പോൾ ശബരിമലയിൽ പോയി വഴിപാട് അർപ്പിച്ച മോഹൻലാലിനെ അടക്കം മലയാളികൾ കണ്ടതാണ്. നിലവിൽ ആരോ​ഗ്യവാനായി തിരിച്ചുവന്നിരിക്കുകയാണ് മമ്മൂട്ടി. ഈ അവസരത്തിൽ അദ്ദേഹത്തെ കുറിച്ചും പാട്രിയേറ്റ് സിനിമയെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് മോഹൻലാൽ.

മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിന്, "വളരെ സന്തോഷം. നന്ദി ദൈവമേ എന്നാണ് പറയേണ്ടത്. ഒരുപാട് പേരുടെ പ്രാർത്ഥനയാണ്. അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നു. പോയി കാണുകയും ചെയ്തു. നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത കാര്യമാണ്. സ്വന്തമായി അനുഭവിക്കേണ്ട കാര്യമാണ്. ഏത് കാര്യമായാലും അങ്ങനെ തന്നെ. മനുഷ്യന്റെ ഉള്ളിൽ സംഭവിക്കുന്ന കാര്യമല്ലേ. ഒരുപാട് പേരുടെ പ്രാർത്ഥന അദ്ദേഹത്തിനുണ്ടായി. ഞങ്ങൾ വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. പാട്രിയേറ്റ് എന്ന സിനിമയിൽ. അതിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു", എന്നാണ് മോഹൻലാൽ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാട്രിയേറ്റ് മറ്റൊരു നാഴിക കല്ലാകുമോന്ന ചോദ്യത്തിന്, "എല്ലാ സിനിമകളും ഓടണം എന്ന് ആ​ഗ്രഹിക്കുന്നൊരാളാണ് ഞാൻ. എന്റെ സിനിമ മാത്രമല്ല. കാരണം ഇതൊരു വലിയ ഇന്റസ്ട്രി അല്ലേ. തിയറ്ററുകളില്ലേ. അതൊക്കെ റൺ ചെയ്ത് പോകണമെങ്കിൽ നല്ല സിനിമകൾ ഉണ്ടാകണം. പ്രേക്ഷകർ പോയി സിനിമ കാണണം. അവരെ തിയറ്ററിലേക്ക് കൊണ്ടുവരിക എന്നതാണ് ചലഞ്ച്. വലിയ സിനിമകൾ കൊണ്ടും കാര്യമില്ല. അതിനനുസരിച്ചുള്ള പ്രമേയങ്ങൾ വേണം. സിനിമയ്ക്ക് ഒരു ഭാഷയുണ്ട്. അത് നന്നായി കൈകാര്യം ചെയ്യുമ്പോഴാണ് ഒരു നല്ല സിനിമയുണ്ടാകുന്നത്", എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്