ഒരു കുന്നിൽ ചെരുവിൽ വെളിച്ചമുള്ളൊരു വീടിന്റെ പശ്ചാത്തലത്തോട് കൂടിയാണ് തുടക്കത്തിന്റെ പോസ്റ്റർ പുറത്തുവന്നത്.
വിസ്മയ മോഹൻലാൽ, ഇപ്പോൾ ഈ പേരാണ് സോഷ്യൽ മീഡിയയിൽ എങ്ങും തരംഗം. അച്ഛൻ മോഹൻലാലിന്റെയും ചേട്ടൻ പ്രണവിന്റെയും ചുവടുപിടിച്ച് വിസ്മയ വെള്ളിത്തിരയിൽ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് വാർത്തകൾ വന്നത്. പിന്നാലെ അനൗൺസ്മെന്റും എത്തി. ‘തുടക്കം’ എന്നാണ് വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ പേര്. പിന്നാലെ താരപുത്രിയ്ക്ക് ആശംസകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്ത് എത്തി. ജൂൺ ആന്റണി ജോസഫ് ആണ് വിസ്മയയുടെ കന്നി ചിത്രത്തിന്‍റെ സംവിധാനം.
ഒരു കുന്നിൽ ചെരുവിൽ വെളിച്ചമുള്ളൊരു വീടിന്റെ പശ്ചാത്തലത്തോട് കൂടിയാണ് തുടക്കത്തിന്റെ പോസ്റ്റർ പുറത്തുവന്നത്. മോഹൻലാൽ തന്നെയാണ് ടൈറ്റിൽ അവതരിപ്പിച്ചതും. പിന്നാലെ സിനിമ ഏത് ജോണറിലുള്ളതാകുമെന്ന ചർച്ചകളും സോഷ്യലിടത്ത് നടന്നു. ചിത്രം ഒരു ഇടിപ്പടം എന്ന സൂചനയാണ് പോസ്റ്റർ നൽകിയിരിക്കുന്നത്. ‘തുടക്കം’ എന്ന് എഴുതിയിരിക്കുന്നതിലെ രണ്ട് സ്ഥലത്താണ് ഈ സൂചനയുള്ളത്.
ശ്രദ്ധിച്ച് നോക്കിയാൽ 'തുടക്ക'ത്തിലെ 'ട'യിൽ ഒരു കരാട്ടെ കൈ കാണാൻ സാധിക്കും. 'ക്കം'ൽ മുഷ്ടി ചുരുട്ടിയൊരു കയ്യും കാണാം. ഇത് സിനിമയൊരു ഇടിപ്പടം എന്ന സൂചനയാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തലുകൾ. വിസ്മയ തായ്ലാന്റിൽ നിന്നും മാർഷ്യൽ ആർട്സ് അഭ്യസിച്ച ആളാണ്. നേരത്തെ ഇവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും വിസ്മയ സോഷ്യൽ മീഡിയയിയുടെ പങ്കുവച്ചിരുന്നു. കൂടാതെ കിക് ബോക്സിങ്, ട്രെഡീഷണൽ കരാട്ടെ പോലുള്ള ഫോമുകളിൽ വിസ്മയ പരിശീലനം എടുത്തിട്ടുണ്ട്. പ്രണവ് മോഹൻലാലിന്റെ ആദ്യ സിനിമയായ ആദി ഒരു ആക്ഷൻ ത്രില്ലറായിരുന്നു. അതുപോലെ തന്നെയാണ് വിസ്മയുടേതുമെന്നാണ് വിലയിരുത്തലുകൾ.
"മായക്കുട്ടി..നിന്റെ സിനിമയുമായുള്ള ആജീവാനന്ത പ്രണയത്തിന്റെ ആദ്യ ചുവടുവയ്പ്പ് മാത്രമായിരിക്കട്ടെ തുടക്കം", എന്നായിരുന്നു വിസ്മയയ്ക്ക് ആശംസ അറിയിച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം കുറിച്ചത്. അഭിമാനവും ആവേശവുമെന്നാണ് പ്രണവ് കുറിച്ചത്. അതേസമയം, ജൂൺ ആന്റണി ജോസഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ആശീർവാദ് സിനിമാസ് ആണ് നിർമ്മാണം.



