ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു മോഹന്‍രാജിന്‍റെ അന്ത്യം. 

ന്തരിച്ച നടൻ മോഹൻരാജിന്റെ ഓർമയിൽ നടൻ മോഹൻലാൽ. കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുകയെന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം ആണെന്നും അത് ലഭിച്ച നടനാണ് മോഹൻരാജ് എന്നും മോഹൻലാൽ പറഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തെ ഇന്നലത്തെപ്പോലെ താൻ ഓർക്കുന്നുവെന്നും നടൻ പറയുന്നു. 

"കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട", എന്നാണ് മോഹൻലാൽ കുറിച്ചത്. 

ഇന്ന് വൈകുന്നേരത്തോടെയാണ് മോഹന്‍രാജ് അന്തരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏറെക്കാലമായി വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. മൂന്നാംമുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മോഹന്‍രാജ് ഇതിനോടകം 300ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. 

ഇന്ത്യൻ 2വിന് ചെലവ് 250-300 കോടി, കളക്ഷനില്‍ വന്‍ വീഴ്ച! ഇന്ത്യൻ 3 വരുമ്പോള്‍..

300ഓളം സിനിമകളില്‍ അഭിനയിച്ചു എങ്കിലും കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹന്‍രാജ് അറിയപ്പെടുന്നത്. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ കിരീടം എന്ന എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലേതാണ് ഈ കഥാപാത്രം. നായകനൊപ്പം തന്നെ ഈ വില്ലന്‍ കഥാപാത്രത്തെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ലോഹിതദാസിന്‍റെ തിരക്കഥയില്‍ 1989ല്‍ ആണ് കിരീടം റിലീസ് ചെയ്യുന്നത്. തിലകന്‍, മുരളി. കൊച്ചിന്‍ ഹനീഫ, കവിയൂർ പൊന്നമ്മ, പാർവതി തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..