ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് തുടരും.
ഒരു സിനിമ തിയറ്ററിൽ എത്തുക അതിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അല്പരം ശ്രമകരമായ കാര്യമാണ്. ഇങ്ങനെ പ്രതികരണം ലഭിക്കുന്ന സിനിമകൾ സൂപ്പർ ഹിറ്റാകുമെന്ന കാര്യത്തിൽ തർക്കവുമില്ല. അത്തരത്തിൽ തിയറ്ററുകളിൽ എത്തി ആദ്യ ഷോ മുതൽ ഗംഭീര മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ സിനിമയായിരുന്നു തുടരും. ഷൺമുഖൻ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മലയാളികൾ ഒന്നടങ്കം പറഞ്ഞു, 'ഞങ്ങളുടെ ലാലേട്ടനെ തിരിച്ചു കിട്ടി'. തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ എത്തിയപ്പോഴും തുടരുമിന്റെ പ്രേക്ഷക പ്രീതിക്ക് കുറവൊന്നും സംഭവിച്ചുമില്ല.
ഈ അവസരത്തിൽ തുടരുമിന്റെ ആക്ഷൻ രംഗങ്ങളുടെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'അടിയടാ അവനെ' എന്ന് തിയറ്ററുകളിൽ പ്രേക്ഷകർ ഒരുപോലെ പറഞ്ഞ രംഗങ്ങൾ അടക്കം ചിത്രീകരിക്കുന്നത് വീഡിയോയിൽ കാണാം. പൊലീസ് സ്റ്റേഷനിലെ മാസ് ഫൈറ്റിനിടെ 'ഓക്കെ അല്ലേ' എന്ന് മോഹൻലാൽ ചോദിക്കുന്നതും, 'തിയറ്റർ കത്തുമെന്ന്' മറ്റുള്ളവർ പറയുന്നതും വീഡിയോയിൽ ഉണ്ട്. അത് സംഭവിക്കുകയും ചെയ്തു എന്നാണ് കമന്റുകളിൽ ആരാധകർ കുറിക്കുന്നത്. ക്ലൈമാക്സ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയമെടുത്ത പ്രോസസും ഈ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാനാണെന്ന് അണിയറ പ്രവർത്തകർ പറയുന്നുണ്ട്.
ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് തുടരും. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറുടെ മനോഹരമായ ജീവിതത്തിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഭവ വികാസങ്ങളും മകന്റെ നീതിക്ക് വേണ്ടി ഒരച്ഛൻ നടത്തുന്ന പോരാട്ടവുമാണ് സിനിമ പറഞ്ഞത്. ആദ്യദിവസം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചു. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 234.5 കോടിയാണ് തുടരുമിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. ഓവർസീസിൽ നിന്നും 93.8 കോടിയും മോഹൻലാൽ ചിത്രം നേടിയിട്ടുണ്ട്.


