ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലുമെന്ന് മോഹന്‍ലാല്‍; പക്ഷേ 'റമ്പാന്റെ ആയുധം മറ്റൊന്ന്' !
എട്ട് വർഷങ്ങൾക്ക് ശേഷം ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ട്.

മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ ആണ് ജോഷി. മലയാളികൾ എന്നും നെഞ്ചേറ്റുന്ന ഒട്ടനവധി കഥാപാത്രങ്ങളും സിനിമകളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നിട്ടുണ്ട്. അത്തരത്തിൽ മോഹൻലാൽ- ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമകളുമുണ്ട്. ഇപ്പോഴിതാ ഈ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുകയാണ്. 'റമ്പാൻ' എന്ന ചിത്രത്തിലൂടെയാണ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നത്. അതും എട്ട് വർഷങ്ങൾക്ക് ശേഷം. ഈ അവസരത്തിൽ റമ്പാനെ കുറിച്ച് തുറന്നു പറയുകയാണ് മോഹൻലാൽ.
"എപ്പോഴും ഒരു സിനിമ തുടങ്ങുമ്പോൾ, അതേറ്റവും വലിയ സിനിമ ആകണമെന്ന് പ്രാർത്ഥിക്കും. അതുപോലെ തന്നെയാണ് റമ്പാനും. ജോഷി സാറുമായി ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കൾക്കും. ഒരുപാട് നല്ല സിനിമകൾ എനിക്ക് അദ്ദേഹവുമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല പുറത്തും ഷൂട്ട് ചെയ്യേണ്ട സിനിമയാണ് റമ്പാൻ. ഇന്ത്യയിൽ നിന്നും തുടങ്ങുന്ന സിനിമയുടെ ഒരു വലിയ ഭാഗം യുഎസിൽ ആണ് നടക്കുന്നത്. വലിയൊരു പ്രൊഡക്ഷൻ ആണിത്. വളരെയധികം സൂക്ഷിച്ച് ചെയ്യേണ്ട സിനിമ. ആക്ഷന് പ്രാധാന്യം ഉള്ള സിനിമയാണ്. ഇതൊരു മലയാള സിനിമ മാത്രമല്ല, പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്. ഒരു ആക്ടർ എന്ന നിലയിൽ എനിക്കൊരുപാട് സാധ്യതകള്‍ ഉള്ളൊരു ചിത്രം കൂടിയാണിത്", എന്ന് മോഹൻലാൽ പറയുന്നു.
പോസ്റ്ററിലെ ലുക്കിനെ പറ്റിയുള്ള ചോദ്യത്തിന്, ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും എന്നാണ് തമാശ രൂപേണ മോഹൻലാൽ പറഞ്ഞത്. തരികിടയിലേക്ക് പോകാൻ സാധ്യതയുള്ള കഥാപാത്രമാണ് റമ്പാൻ എന്നും മോഹൻലാൽ പറയുന്നു. അതേസമയം, റമ്പാന്റെ ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയിൻ ആണെന്നാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് പറയുന്നത്. അടുത്ത വർഷം ആകും റമ്പാന്റെ ഷൂട്ടിംഗ് തുടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..