മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

നടൻ മമ്മൂട്ടിയുടെ തകര്‍പ്പൻ ലുക്കിലുള്ള ഫോട്ടോ അടുത്തിടെയാണ് ചര്‍ച്ചയായത്. പ്രായമെത്രയായാലും സൗന്ദര്യം കുറയുന്നില്ല മമ്മൂട്ടിക്കെന്നായിരുന്നു ഫോട്ടോയ്‍ക്ക് കമന്റുകള്‍. ഇപ്പോഴിതാ മോഹൻലാല്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഹിറ്റാകുന്നത്. ഫിറ്റ്നെസ്സിനായി മോഹൻലാല്‍ കാട്ടുന്ന സമര്‍പ്പണമാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്.

ബോക്സര്‍ പരിശീലകനായി പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ വേഷമിടാനാണ് മോഹൻലാല്‍ ഇങ്ങനെ ആത്മാര്‍ഥമായി കഠിന പരിശ്രമം നടത്തുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍. ലാലേട്ടാ ഫിറ്റ്‍നെസിന്റെ പീക്കില്‍ എന്നാണ് ഫോട്ടോയ്‍ക്ക് ഉണ്ണി മുകുന്ദന്റെ കമന്റ്. വൃഷഭ എന്ന പാൻ ഇന്ത്യൻ ചിത്രമാണ് മോഹൻലാലിന്റേതായി പുരോഗമിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം.

'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. 'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രത്തില്‍ സോണാലി കുല്‍കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് രാജീവ് പിള്ള, ഹരിപ്രശാന്ത്, മണികണ്ഠൻ ആര്‍ ആചാരി, ആൻഡ്രീ റവേറ തുടങ്ങിയവരും വേഷമിടുന്നു.

'സ്‍ഫടിക'മാണ് മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. 'ആടു തോമ' എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാല്‍ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: കുഞ്ഞിനെന്ത് പേരിടും, 'സാന്ത്വനം' ആഘോഷത്തില്‍ , സീരിയല്‍ റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക