ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ചും താരം മനസു തുറന്നു.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയായ ഒരു താരമാണ് മൃദുല വിജയ്. സിനിമയിലാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധയാകര്‍ഷിച്ചത് സീരിയലുകളിലൂടെയാണ്. ഷോകളിലൂടെയും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. ഭർത്താവ് യുവ കൃഷ്‍ണയും സീരിയൽ രംഗത്ത് തിളങ്ങിനില്‍ക്കുന്ന നടനാണ്. ഇരുവരും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരായതിനാൽ വ്യക്തിജീവിതത്തിൽ പല അഡ്ജസ്റ്റ്മെന്റുകളും ചെയ്യേണ്ടിവരുമെന്ന് യുവ പറയുന്നു.

''പരസ്‍പരമുള്ള മനസിലാക്കലാണ് ബന്ധം നിലനിന്ന് പോകാൻ വേണ്ട പ്രധാന ഘടകം. എന്റേയും ഭർത്താവിന്റേയും ഫീൽഡ് അഭിനയമാണ്. വിവാഹം കഴിഞ്ഞ ഏഴാം ദിവസം മുതൽ ഞങ്ങൾ വേറെ വേറെ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ സീരിയൽ വർക്കുകളുമായി പോയി. ഞാൻ എന്റെ സീരിയൽ വർക്കിലേക്ക് പോയി. സീരിയൽ സെറ്റുകളിലും സ്റ്റാർ മാജിക്ക് ഷോയുടെ ഫ്ലോറിലുമാണ് ഞങ്ങൾ മീറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഒരുമിച്ച് സമയം ചിലവഴിക്കാൻ അധികം കഴിഞ്ഞില്ല. ഇപ്പോഴും ഞങ്ങൾക്കുള്ള ഒരു വിഷമം ഒരുമിച്ച് സമയം ചിലവഴിക്കാൻ കഴിയുന്നില്ലെന്നതാണ്'', ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മൃദുല വിജയ് പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ചും താരം മനസു തുറന്നു. ''സ്വന്തമായി ഒരു വീട് വെച്ചതാണ് ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായി ഞാൻ പറയുക. മകൾ പിറന്നതും സന്തോഷം തന്നെയാണ്. എല്ലാ അമ്മമാർക്കും ആദ്യമായി കുഞ്ഞ് പിറക്കുന്നത് ഒരു സന്തോഷ നിമിഷം തന്നെയാണല്ലോ. അതുകൊണ്ടാണ് അത് പ്രത്യേകം എടുത്ത് പറയാത്തത്. ജനിച്ചപ്പോൾ മുതൽ ഞാൻ വാടക വീട്ടിലാണ് താമസം. അതാണ് വീട് വെച്ചത് അത്രയേറെ സന്തോഷം പകരാൻ കാരണം. പതിനാലോളം വീടുകൾ ഞങ്ങൾ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമായൊരു വീട് എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു'', മൃദുല കൂട്ടിച്ചേർത്തു.
