നരേൻ നായകനാകുന്ന 'ആഘോഷം' എന്ന പുതിയ ക്യാമ്പസ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് ഡിസംബർ 1-ന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോസ്മിനാണ് നായിക

'ആഘോഷം' സിനിമയുടെ മ്യൂസിക് ലോഞ്ച് ഡിസംബർ 1ന് ചാവറ കൾച്ചറൽ സെന്ററിൽ വച്ച് വൈകിട്ട് 4 മണിക്ക് നടക്കും. "എക്കോ" എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം നരേൻ നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് ആഘോഷം. ലോഞ്ചിനെ ഗംഭീരമാക്കാൻ ചിത്രത്തിന്റെ സംഗീത സംവിധായകരായ സ്റ്റീഫൻ ദേവസിയുടെയും ഗൗതം വിൻസന്റിന്റെയും തകർപ്പൻ പെർഫോമൻസ് ഉണ്ടായിരിക്കും.

ചടങ്ങിൽ നരേൻ നായിക റോസ്മിൻ, വിജയരാഘവൻ, ജെയ്സ്, ബോബി കുര്യൻ, ദിവ്യദർശൻ, മക്ബൂൽ, അഞ്ജലി, ആർദ്ര, സോനാ, മെർലിൻ, സ്വപ്ന തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ നിർമ്മാതാക്കളും സംവിധായകൻ അമൽ കെ ജോബിയും പങ്കെടുക്കും. പ്രേക്ഷക ശ്രദ്ധ നേടിയ ഗുമസ്തൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആഘോഷം. ചിത്രത്തിന്റെ കഥ ഡോ. ലിസി കെ. ഫെർണാണ്ടസിന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ.

പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. ലൈഫ് ഈസ് ഓള്‍ എബൗട്ട് സെലിബ്രേഷന്‍ എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ സ്വർഗ്ഗം എന്ന ചിത്രത്തിനു ശേഷം സി എൻ ഗ്ലോബൽ മൂവീസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആഘോഷം. ക്യാമ്പസിന്റെ കഥ പറയുന്ന, ക്യാമ്പസിന്റെ ആഘോഷവും മത്സരവും പ്രണയവും എല്ലാം ചേർന്ന ഒരു പക്കാ ക്യാമ്പസ് ചിത്രമായിരിക്കും ആഘോഷം. ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ആഘോഷത്തിലൂടെ ക്യാമ്പസിലെത്തുന്നു. പവി കെയർ ടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക.

വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്, ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസ്സി കെ ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സ്റ്റീഫൻ ദേവസ്സിയും ഗൗതം വിൻസെന്റും ചേർന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ എഴുതിയത് ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ഡോ. ലിസി കെ. ഫെർണാണ്ടസ്, സോണി മോഹൻ എന്നിവരാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്