എന്താണ് തനിക്ക് സ്‍നേഹം എന്നതിനെ കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയൻതാര.

സിനിമാ പ്രചാരണങ്ങളില്‍ നിന്ന് നയൻതാര വിട്ടുനില്‍ക്കാറാണ് പതിവ്. എന്നാല്‍ താൻ നായികയാകുന്ന പുതിയ ചിത്രമായ 'കണക്റ്റി'ന്റെ പ്രചാരണത്തിനായി നയൻതാര രംഗത്തിറങ്ങിയിരിക്കുകയാണ്. സിനിമയെ കുറിച്ച് മാത്രമല്ല വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചും നയൻതാര അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നത്. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കണക്റ്റ്' ഡിസംബര്‍ 22നാണ് തിയറ്ററില്‍ റിലീസ് ചെയ്യുക.

സ്‍നേഹം എന്നത് എന്താണ് തനിക്ക് എന്ന് 'കണക്റ്റി'ന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തി. എന്താണ് സ്‍നേഹം എന്ന് താൻ ചിന്തിക്കുന്നത്, അതിന്റെ ആള്‍രൂപമാണ് വിഘ്‍നേശ് ശിവൻ. ഞങ്ങള്‍ പ്രണയത്തിലായതിന് ശേഷം എനിക്ക് സ്‍നേഹത്തിന്റെ നിര്‍വചനം തന്നെ വിഘ്‍നേശ് ശിവനാണ്. വിഘ്നേശ് തനിക്ക് സമ്മാനമായി നല്‍കിയ 'V'എന്ന അക്ഷരമുള്ള ബ്രേസ്‍ലെറ്റാണ് താൻ എപ്പോഴും ധരിക്കാറുള്ളത് എന്നും നയൻതാര പറഞ്ഞു.

വിഘ്നേശ് ശിവനുമായുള്ള വിവാഹ ശേഷം ജീവിതത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം സ്‍ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് എന്നും നയൻതാര ചോദിച്ചു. വിവാഹശേഷം സ്‍ത്രീകള്‍ക്ക് ജോലി ചെയ്യാം അല്ലെങ്കില്‍ പറ്റില്ല എന്നൊക്കെ എന്തുകൊണ്ടാണ് ഇപ്പോഴും ചര്‍ച്ചയുടെ ഭാഗമാകുന്നത്. വിവാഹം ഒരിക്കലും ഒരു ഇടവേളയല്ല. അതിനുശേഷവും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. വിവാഹം നിങ്ങളെ ജീവിതത്തെ 'സെറ്റില്‍ഡ്' ആക്കുന്നു. നിങ്ങള്‍ക്ക് അങ്ങനെ തോന്നുമ്പോള്‍, കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാൻ ആഗ്രഹിക്കും. ഞാൻ കണ്ടിട്ടുള്ള മിക്ക സ്‍ത്രീകളുടെയും മനോവിചാരങ്ങള്‍ അങ്ങനെ ആണെന്ന് താൻ കരുതുന്നതായും നയൻതാര പറയുന്നു.

നയൻതാരയും വിഘ്‍നേശ് ശിവനും ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. വാടക ഗര്‍ഭപാത്രത്തിലൂടെ നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും ഇരട്ടക്കുട്ടികളും ജനിച്ചിരുന്നു.

Read More: എക്കാലത്തെയും മികച്ച 50 താരങ്ങള്‍, ബ്രിട്ടിഷ് മാഗസിന്റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാൻ മാത്രം