Asianet News MalayalamAsianet News Malayalam

'അങ്ങനെയൊരു സിനിമ ചെയ്യാൻ തലയില്‍ എന്തെങ്കിലും വേണം', സംവിധായകനെ ഓര്‍മിപ്പിച്ച നെടുമുടി വേണു

മാധ്യമപ്രവര്‍ത്തനത്തിലും ചില കുസൃതികളോടെയും ആവേശത്തോടെയുമാണ് നെടുമുടി വേണു പ്രവര്‍ത്തിച്ചത്.

Actor Nedumudi Venu as journlist
Author
Kochi, First Published Oct 11, 2021, 3:06 PM IST

കാവാലത്തിനെ (Kavalam Narayana Panicker) പിന്തുടര്‍ന്ന് തിരുവനന്തപുരത്തേയ്‍ക്ക് കൂടുമാറിയ നെടുമുടി വേണുവിന് (Nedumudi Venu) ആദ്യ ജീവനോപാധി മാധ്യമപ്രവര്‍ത്തനമായിരുന്നു. നാടകത്തില്‍ ഉറച്ചുനില്‍ക്കാൻ തിരുവനന്തപുരത്തുണ്ടായ മാര്‍ഗമായിരുന്നു മാധ്യമപ്രവര്‍ത്തനം എന്ന് നെടുമുടി വേണു തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കലാകൗമുദിയിലായിരുന്നു മാധ്യമപ്രവര്‍ത്തനം. അവിടേക്ക് കൈപിടിച്ച് ഏല്‍പ്പിച്ചത് കാവാലവും അരവിന്ദനും ചേര്‍ന്ന്. ഇവൻ ഇവിടെ നില്‍ക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ് അതില്‍ എന്തെങ്കിലും ജോലി കൊടുക്കണം എന്നാണ് അരവിന്ദൻ കൗമുദി പത്രാധിപരോട് ആവശ്യപ്പെട്ടതും. ജനങ്ങള്‍ അറിയേണ്ടതും എന്നാല്‍ അറിയാൻ അത്ര സാധ്യതയില്ലാത്ത കാര്യങ്ങള്‍ തേടിപിടിക്കലുമായിരുന്നു താൻ മാധ്യമപ്രവര്‍ത്തനത്തിലൂടെ ചെയ്‍തത് എന്നാണ് നെടുമുടി വേണു പറഞ്ഞതും.Actor Nedumudi Venu as journlist

മാധ്യമപ്രവര്‍ത്തനവും നെടുമുടി വേണു തന്റെ കുസൃതിയോടെയും ആവേശത്തോടെയുമായിരുന്നു കണ്ടത്. എങ്ങനെയായിരുന്നു മാധ്യമപ്രവര്‍ത്തനത്തെ താൻ സമീപിച്ചത് എന്ന് അഭിമുഖങ്ങളില്‍ നെടുമുടി വേണു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.  കലാരംഗത്തെ വ്യത്യസ്‍തങ്ങളായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തലായിരുന്നു നെടുമുടി വേണു അധികവും ചെയ്തത്. സാംസ്‍കാരിക മാധ്യമപ്രവര്‍ത്തനത്തില്‍ പ്രമുഖരായ ആള്‍ക്കാരെ മാത്രമായിരുന്നില്ല നെടുമുടി വേണു തേടിപിടിച്ചതും അഭിമുഖം ചെയ്‍തതുമെല്ലാം. അത്രകണ്ട് ജനപ്രിയമല്ലാത്ത കലാ മേഖലകളിലേക്കും നെടുമുടി വേണുവെന്ന മാധ്യമപ്രവര്‍ത്തകൻ കയറിച്ചെന്നു. 

മികച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു താൻ എന്നൊന്നും പറയില്ലെങ്കിലും ചെയ്‍ത കാര്യങ്ങള്‍ അഭിമാനത്തോടെ എടുത്തു പറഞ്ഞിരുന്നു നെടുമുടി വേണു. കലാമണ്ഡലം ഹൈദരാലി അടക്കമുള്ള വേറിട്ട കലാ വ്യക്തിത്വങ്ങളെ കുറിച്ച് ലേഖനം എഴുതിയതടക്കമുള്ളവയായിരുന്നു അത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മാത്രം അഭിരമിക്കാതെ കട്ടൗട്ട് വരയ്‍ക്കുന്നവര്‍ മുതലുള്ള മറ്റ് ചലച്ചിത്ര അനുബന്ധ ജീവനക്കാരെയും കുറിച്ചും എഴുതിയ കാര്യം നെടുമുടി വേണു അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

നെടുമുടി വേണുവിനെ കുറിച്ചുള്ള ഒരു ലേഖനത്തില്‍ കലവൂര്‍ രവികുമാര്‍ രസകരമായ ഒരു അനുഭവം പങ്കുവയ്‍ക്കുന്നുണ്ട്. പ്രേം നസീറിനെ അഭിമുഖം ചെയ്യാൻ പോയപ്പോള്‍ ചോദ്യം ചോദിക്കുകയായിരുന്നില്ല നെടുമുടി വേണു ആദ്യം ചെയ്‍തത്. പ്രേം നസീറിന്റെ കുറെ ഫോട്ടോകള്‍ കാണിക്കുകയായിരുന്നു. ഇത് ഏത്  ചിത്രങ്ങളിലേതാണ് എന്ന് തിരിച്ചറിയാമോ എന്നായിരുന്നു നെടുമുടി വേണു ചോദിച്ചത്. പ്രേം നസീര്‍ കുഴങ്ങി.  ഇത് ഓര്‍ത്താകണം ഓരോ കഥാപാത്രത്തെയും വേറിട്ടതാക്കാൻ നെടുമുടി വേണു ശ്രമിച്ചത് എന്നും കലവൂര്‍ രവികുമാര്‍ എഴുതുന്നു.

കാഞ്ചന സീതയ്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു വാണിജ്യ സിനിമ സംവിധായകനെ അഭിമുഖം ചെയ്‍ത കാര്യം മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ നെടുമുടി വേണു ഓര്‍ക്കുന്നുണ്ട്.  ഒരു ലക്ഷം രൂപം കിട്ടിയാല്‍ താൻ കാഞ്ചന സീത സിനിമ ചെയ്യും എന്ന് സംവിധായകൻ പറഞ്ഞു. ഒരു ലക്ഷം പോരാ തലയില്‍ എന്തെങ്കിലും വേണം എന്ന് സംവിധായകനോട് പറഞ്ഞ് പേപ്പര്‍ മടക്കിവയ്‍ക്കുകയും ഇക്കാര്യം താൻ എഴുതില്ല എന്ന് പറയുകയും ചെയ്‍തു നെടുമുടി വേണു. എന്നിട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയതിന് ശേഷം സംവിധായകനോടുള്ള അഭിമുഖം തുടരുകയായിരുന്നു നെടുമുടി വേണു.

കലാകൗമുദിയിലും അവരുടെ തന്നെ ഫിലിം മാഗസിനുകളിലും പ്രവര്‍ത്തിക്കുമ്പോഴുള്ള പരിചയങ്ങളില്‍ നിന്നാണ് നെടുമുടി വേണു വെള്ളിത്തിരിയിലേക്ക് എത്തുന്നതും.  സംവിധായകൻ ഭരതനുമായി പരിചയപ്പെടുന്നതും അത് പിന്നീട് അദ്ദേഹത്തിന്റെ സിനിമയിലേക്ക് എത്തിച്ചേരുന്നതിനു കാരണമാകുന്നതും മാധ്യമപ്രവര്‍ത്തന കാലത്താണ്. വൈകുന്നേരം വരെ മാധ്യമപ്രവര്‍ത്തന ജോലിയും ശേഷമുള്ള നാടകങ്ങളുമുള്ള കാലമായിരുന്നു ഏറ്റവും മധുരമായത് എന്നും നെടുമുടി വേണു പറയുമായിരുന്നു. ആദ്യ സിനിമ കഴിഞ്ഞതിനു ശേഷവും മാധ്യമപ്രവര്‍ത്തനം തുടര്‍ന്ന നെടുമുടി വേണു തന്റെ ഇഷ്‍ട തൊഴില്‍ ആയിരുന്നുവെന്നും പറഞ്ഞിരുന്നു.
 

Follow Us:
Download App:
  • android
  • ios