ചിരഞ്ജീവി, ശരത് കുമാർ, ധനുഷ് തുടങ്ങിയവർ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും പൊന്നമ്പലം.

വില്ലൻ വേഷങ്ങളിലൂടെ സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് നടൻ പൊന്നമ്പലം. മലയാളം അടക്കമുള്ള ഭാഷാ സിനിമകളിൽ വ്യത്യസ്ത തരത്തിലുള്ള നെ​ഗറ്റീവ് വേഷങ്ങളിലെത്തി കസറിയ പൊന്നമ്പലം കഴിഞ്ഞ കുറേ വർഷമായി വൃക്ക​രോ​ഗ ബാധിതനാണ്. നാല് അഞ്ച് വർഷമായി തുടരെ ഡയാലിസിസും അദ്ദേഹം ചെയ്തുവരുന്നുണ്ട്. കോടികളാണ് ഇതുവരെ തന്റെ ചികിത്സയ്ക്ക് ചെലവായതെന്നും ചിരഞ്ജീവി, ശരത് കുമാർ, ധനുഷ് തുടങ്ങിയവർ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും പൊന്നമ്പലം പറയുന്നു.

"ഒരു വർഷം കഴിഞ്ഞ് ഞാൻ മരിച്ച് പോകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കാരണം അസുഖം എല്ലായിടത്തേക്കും ബാധിച്ചിട്ടുണ്ട്. ഒരു മനുഷ്യന് ലോകത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ എന്നത് ഡയാലിസിസ് ആണ്. അത് അനുഭവിച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് പറയുകയാണ്. ശത്രുക്കൾക്ക് പോലും ഈ ഒരവസ്ഥ വരരുതെന്ന് ആ​ഗ്രഹിക്കുന്നുണ്ട്. പ്രാർത്ഥിക്കുന്നുണ്ട്. എനിക്ക് ഒന്നിടവിട്ട് കുത്തിവയ്പ്പ് നടത്തണം. കഴിഞ്ഞ ഒരു നാല് വർഷമായി ഒരിടത്ത് തന്നെ 750 തവണ കുത്തിയിട്ടുണ്ട്", എന്ന് പൊന്നമ്പലം പറയുന്നു. ​ഗലാട്ട തമിഴിനേട് ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

"ഉപ്പുള്ള ഭക്ഷണം കഴിക്കാൻ പറ്റില്ല. വയർ നിറച്ച് ആഹാരം കഴിക്കാൻ പറ്റില്ല. തക്കാളി, കിഴങ്ങ് ഒന്നും കഴിക്കാൻ പാടില്ല. ഇപ്പോൾ അതിനോട് ഞാൻ പൊരുത്തപ്പെട്ടു. എന്ത് കഴിച്ചാലും അളവിന് കഴിക്കണം. അമിതമായാൽ അമൃതും വിഷമാണ്. നല്ല രീതിയിൽ മദ്യപിക്കുന്ന ആളായിരുന്നു ഞാൻ. ഒരു ഫുൾ ഡ്രിം​ഗ് കഴിച്ചാലും എനിക്ക് ഒന്നും ആകില്ല. എത്ര കുടിച്ചാലും എനിക്ക് ബോധം ഉണ്ടാകും. വീട്ടുകാര് പോലും കണ്ടുപിടിക്കില്ല. ജീവിതത്തിൽ നല്ലതും ചീത്തയും ഉണ്ടാകും. ആയ കാലത്ത് ഞാൻ നല്ല രീതിയിൽ തന്നെയാണ് ജീവിച്ചത്. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ", എന്നും പൊന്നമ്പലം പറയുന്നു.

ചെലവിനെയും സഹായത്തേയും കുറിച്ചുള്ള ചോ​ദ്യത്തിന്, "എനിക്ക് ആദ്യം സാമ്പത്തിക സഹായം ചെയ്തത് ശരത് കുമാറാണ്. മറ്റ് അഭിനേതാക്കളോടും ഇക്കാര്യം പറഞ്ഞ് അദ്ദേഹം പണം വാങ്ങി നൽകിയിരുന്നു. ധനുഷ് എന്നെ സഹായിച്ചിട്ടുണ്ട്. എത്ര രൂപയാണ് അവർ തന്നതെന്ന് ഞാൻ പറയില്ല. എല്ലാം അധികമായാണ് തന്നത്. അടുത്തിടെ ഇൻഫക്ഷനായി ഏകദേശം 35 ലക്ഷത്തിന്റെ ചികിത്സ വേണ്ടി വന്നു. ഇത്രയും നാളത്തെ ചികിത്സാ ചെലവ് കോടിക്കണക്കിന് വരും. ചിരഞ്ജീവി എനിക്ക് 1.15 കോടി രൂപ തന്നിരുന്നു. ചിലർ ഞാൻ എങ്ങനെ ജീവിക്കുന്നെന്ന് പോലും തിരക്കിയിട്ടില്ല", എന്നായിരുന്നു പൊന്നമ്പലത്തിന്റെ മറുപടി.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്