രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദിപുരുഷ്'.
തെന്നിന്ത്യൻ താരം പ്രഭാസിന്റെ പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ പ്രഭാസിന്റെ പുതിയ ചിത്രം 'ആദിപുരുഷി'ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കയ്യിൽ അമ്പും വില്ലും ഏന്തി ശ്രീരാമനായി നിൽക്കുന്ന പ്രഭാസിനെ പോസ്റ്ററിൽ കാണാം.
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദിപുരുഷ്'. ചിത്രം അടുത്ത വർഷം ജനുവരി 12ന് തിയറ്ററുകളിൽ എത്തും. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനെതിരെ വൻ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. കഴിഞ്ഞ മാസം ആണ് ആദിപുരുഷിന്റെ ടീസർ റിലീസ് ചെയ്തത്. വൻ ആഘോഷത്തോടെ പുറത്തിറക്കിയ ടീസർ പക്ഷേ പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. ചിത്രത്തിന്റെ വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നു.

പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ഓം റാവത്തും രംഗത്തെത്തിയിരുന്നു. ട്രോളുകളിൽ അത്ഭുതം തോന്നുന്നില്ലെന്നും ചിത്രം ബിഗ് സ്ക്രീനിനായി ഒരുക്കിയതാണെന്നും സംവിധായകൻ പറഞ്ഞു. തിയറ്ററിൽ ചിത്രം വരുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചെറിയ സ്‌ക്രീനിനായി നിർമ്മിച്ചതല്ല സിനിമ, ബിഗ് സ്‌ക്രീനിനായി നിർമ്മിച്ചതാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നും സംവിധായകൻ പറഞ്ഞിരുന്നു.
