കമല്‍ഹാസനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ നായകൻ പ്രഭാസിന്റെ ലുക്ക് പുറത്ത്.
വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രൊജക്റ്റ് കെ. പ്രഭാസ് നായകനായി എത്തുന്ന ഗംഭീര ചിത്രമാകും പ്രൊജക്റ്റ് കെ എന്നാണ് പ്രഖ്യാപനം തൊട്ടേ പ്രേക്ഷകരുടെ പ്രതീക്ഷ. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായികയെന്നതിനാല്‍ ബോളിവുഡും കാത്തിരിക്കുന്നതാണ് പ്രൊജക്റ്റ് കെ. ഇപ്പോഴിതാ പ്രൊജക്റ്റ് കെയിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. കമല്‍ഹാസൻ, അമിതാഭ് ബച്ചൻ എന്നീ താരങ്ങളും പ്രൊജക്റ്റ് കെയില്‍ വേഷമിടുന്നു എന്നതിനാല്‍ രാജ്യമൊട്ടാകെ കാത്തിരിക്കുന്നുണ്ട്. 600 കോടി രൂപയാണ് ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് തിരക്കഥയും.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'പ്രൊജക്റ്റ് കെ'യുടെയും പാട്ടുകള്‍ ഒരുക്കുക. 'പ്രൊജക്റ്റ് കെ' ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് 'പ്രൊജക്റ്റ് കെ'യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ വ്യക്തമാക്കുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ വ്യക്തമാക്കിയിരുന്നു.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'സലാറും' പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നു. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് പ്രഭാസ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Read More: 'കമ്പിത്തിരിയും മത്താപ്പുമായി ഞാൻ ആഘോഷിക്കുന്നു', ഫോട്ടോയുമായി അഭയ ഹിരണ്‍മയി
