പരിക്ക് സാരമുള്ളതല്ലെന്നും ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജിന്‍റെ ട്വീറ്റ്

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന 'തിരുചിട്രംബല'ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്‍തു.

വീഴ്ചയില്‍ കൈയിലാണ് പ്രകാശ് രാജിനു പരിക്കേറ്റത്. ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിക്കുക. അവിടെ അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനാവും.

Scroll to load tweet…

"ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്‍റെ സുഹൃത്ത് ഡോ: ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക", എന്നാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.

നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം 'വരസ'യില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്‍ത 'എതിരി'യാണ് പ്രകാശ് രാജിന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം. ധനുഷിന്‍റെ തിരുചിട്രംബലം കൂടാതെ വരാനിരിക്കുന്ന പല പ്രധാന പ്രോജക്റ്റുകളിലും അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2, പുഷ്‍പ, അണ്ണാത്തെ, എനിമി, സര്‍ക്കാരു വാരി പാട്ട, പൊന്നിയിന്‍ സെല്‍വന്‍ എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona