ചെന്നൈ: ലോകത്തമ്പാടുമുള്ള ജനങ്ങൾ കൊവിഡ് 19 ബാധയിൽ നട്ടം തിരിയുന്ന കാഴ്ചയാണ് കുറച്ച് ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. പുറത്തിറങ്ങാതെ, സാമൂഹിക അകലം പാലിച്ച്, ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ജനങ്ങൾ ഓരോ ദിവസവും കഴിഞ്ഞുകൂടുന്നത്. തൊഴിലും ജീവിതവുമെല്ലാം പ്രതിസന്ധി നേരിടുന്ന ഒരു സാഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്. സമൂഹത്തിന്റെ എല്ലാ മേഖലകളുമെന്നപോലെ സിനിമ രം​ഗത്തും ഈ പ്രതിസന്ധി പ്രകടമാണ്. ഈ അവസരത്തിൽ വ്യത്യസ്തമായ മാതൃകയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് ജോലിക്കാർക്കും പ്രൊഡക്ഷൻ ഹൗസിലെ മറ്റ് പ്രവർത്തകർക്കുമായി നൽകിയിരിക്കുകയാണ് അദ്ദേഹം. 

'സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചിത്രീകരണം നിർത്തിവച്ചിരിക്കുന്ന സിനിമകളുടെ ദിവസവേതന തൊഴിലാളികൾക്കും പകുതി പ്രതിഫലം നൽകാനാണ് തീരുമാനം. എന്റെ ജോലി അവസാനിച്ചിട്ടില്ല. എന്നേ കൊണ്ട് സാധിക്കുന്നത് എല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കുക.’- പ്രകാശ് രാജ് കുറിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് പ്രകാശ് രാജിന്റെ ഈ പ്രവർത്തി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.