പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം.

പ്രഖ്യാപന സമയം മുതൽ ഏറെ വാർത്താപ്രാധാന്യം നേടിയ ചിത്രമാണ് 'എമ്പുരാൻ'. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

തിരക്കഥയുടെ ലാസ്റ്റ് ഭാ​ഗത്തിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. 'ഷോട്ട് അവസാനിക്കുന്നു
Black out (സ്‌ക്രീനിൽ) Title - L L2E E.M.P.U.R.A.A.N', എന്നാണ് ഫോട്ടോയിൽ ദൃശ്യമാകുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും സിനിമാസ്വാദകരും രം​ഗത്തെത്തി. 

'വായിച്ചിട്ട് അങ്ങട് വ്യക്തം ആകുന്നില്ല്യ, കട്ട വെയ്റ്റിംഗ്, എത്ര സൂക്ഷമമായി നോക്കിയിട്ടും സീൻ കാണുന്നില്ലല്ലോ മച്ചാ....എന്തായാലും ശേഷം സ്ക്രീനിൽ L2E ടൈറ്റിൽ അത് പൊളിച്ചു, ക്ലൈമാക്സ്‌ വായിക്കാൻ പറ്റുന്നില്ല .. anyway സ്‌ക്രീനിൽ കാണാൻ waiting, ആ പേപ്പർ ഒന്നു നിവർത്തിപിടിച്ചിരുന്നെങ്കിൽ....വായിക്കാമായിരുന്നു അക്ഷരതെറ്റുണ്ടോ എന്നറിയാലോ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം 2024 പകുതിയോടെ തിയറ്ററുകളിൽ എത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ഈ വർഷം ഓ​ഗസ്റ്റിൽ ആയിരുന്നു എമ്പുരാന്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. അവകാശവാദങ്ങളൊന്നുമില്ലെന്നും ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നറാണ് ചിത്രമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ ഇതര ഭാ​ഷകളിലും എമ്പുരാൻ റിലീസ് ചെയ്യും. 

മോഹൻലാൽ ഇനി കാളിദാസൻ; 'എലോൺ' അപ്ഡേറ്റുമായി ഷാജി കൈലാസ്

അടുത്തിടെയാണ് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്ജീവി നായകനായി എത്തിയ ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തിയത്. മോഹന്‍ രാജ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേർന്നാണ്. സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.