റഹ്‍മാൻ നായകനായി വേഷമിടുന്ന 'സമാറ' എന്ന ചിത്രത്തിനായി കെ കെ പാടിയ ഗാനം.
റഹ്‍മാൻ നായകനായി എത്തുന്ന' സമാറ'യെന്ന ചിത്രത്തിനു വേണ്ടി പ്രശസ്‍ത ഗായകൻ കെ കെ പാടിയ ഗാനം പുറത്തിറങ്ങി. കെ കെയുടെ അസാന്നിധ്യത്തിലും നിറസാന്നിധ്യമാകുകയാണ് ചിത്രത്തിലെ ഈ ഗാനം. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ പ്രിയങ്കരനായ കെ കെയ്ക്ക് മലയാളിയുടെ ആദരമായി മാറുകയാണ് 'സമാറ' യിലെ 'ദില്‍ബറോ' എന്ന ഗാനം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കെ കെ അവസാനമായി പാടിയത് 'സമാറ'യെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. നവാഗതനായ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സമാറയ്‍ക്കായി ദീപക് വാര്യരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 'ദിൽബറോ' എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷെയ്ഖ് തബ്റൈസ് യൂസഫ് ബെയ്‍ഗ്, ശരത് നാഥ്, മഗുവി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ഒരിക്കൽ കൂടി പാടാൻ ആഗ്രഹിച്ച കെ കെ യെ തേടിയെത്തിയത് ഭൂരിഭാഗവും കാശ്‍മിരിൽ ചിത്രീകരിച്ചെതിനാൽ തന്നെ 'സമാറ' യിലെ ഹിന്ദി ഗാനമായിരുന്നു.
ഒരിക്കൽകൂടി മലയാളത്തിൽ പാടണമെന്നും മലയാളിയായ താൻ അതിനായാണ് കാത്തിരിക്കുന്നത് എന്നും അടുത്ത തവണ മലയാളത്തിലുള്ള പാട്ടുകൾ തനിക്കായി ഒരുക്കണമെന്നും കെ കെ ആവശ്യപ്പെട്ടത് സംഗീത സംവിധായകനായ ദീപക് വാര്യർ ഓർമ്മിക്കുന്നു. കെ കെ യുടെയും തങ്ങളുടെയും ആ ആഗ്രഹം സഫലമാക്കാതെയാണ് അദ്ദേഹം അകാലത്തിൽ വേർപിരിഞ്ഞത്. ഏതൊരു ഗാനാസ്വാദകനെയും തന്നിലേക്ക് ആകർഷിക്കുന്ന കെ കെയുടെ ശബ്‍ദത്തിന്റെ പ്രണയാർദ്രത അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ടെന്ന് ദീപക് ഉറപ്പു നൽകുന്നു. ഇതേ പാട്ട് തന്നെ 'സമാറ'യെന്ന ചിത്രത്തിനായി മലയാളത്തിലും തമിഴിലും കെ കെ യോടൊപ്പം പാടിയിരിക്കുന്നത് ലക്ഷ്‍മി മോഹൻ ആണ്.
ബോളിവുഡ് നടൻ മീർ സർവാറിനൊപ്പം ചിത്രത്തില്‍ തമിഴ് നടൻ ഭരത്, 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്‍ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം പതിനെട്ടോളം പുതിയ താരങ്ങളും ഒട്ടേറെ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. റഹ്‍മാൻ നായകനായ സമാറ എന്ന ചിത്രം കുളു- മണാലി, ധർമ്മശാല, ജമ്മു കശ്‍മിർ എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, കലാ സംവിധാനം രഞ്ജിത്ത് കോത്തേരി, കോസ്റ്റ്യൂം മരിയ സിനു, സംഘട്ടനം ദിനേശ് കാശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്‍ണു ഐക്കരശ്ശേരി, സൗണ്ട് ഡിസൈൻ അരവിന്ദ് ബാബു, പിആർഒ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ, മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ പിആർ ഒബ്സ്ക്യൂറ എന്നിവരുമായ സമാറ ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തിയറ്ററുകളിലെത്തിക്കും.
Read More: ഗ്ലാമറസായി പ്രിയ വാര്യര്‍, ബിക്കിനി ഫോട്ടോകളെ വിമര്‍ശിച്ചും അനുകൂലിച്ചും ആരാധകര്‍
