പ്രണയത്തിനും  സൗഹൃദത്തിനും ശേഷം പത്രലേഖയുമായി വിവാഹിതനായെന്ന് രാജ്‍കുമാര്‍ റാവു.


രാജ്‍കുമാര്‍ റാവുവും (Rajkumar Rao), നടി പത്രലേഖയും (Pathralekha) പ്രണയത്തിലാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് മുന്നേ വെളിപ്പെടുത്തിയിട്ടുമുണ്ട്. വിശേഷ ദിവസങ്ങളില്‍ ഇരുവരും ഒപ്പമുള്ള ഫോട്ടോകളും പങ്കുവയ്‍ക്കാറുണ്ട്. ഇപോഴിതാ വിവാഹം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് രാജ്‍കുമാര്‍ റാവു.

ഒടുവിൽ 11 വർഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി. എന്റെ ആത്മസുഹൃത്ത്, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. നിങ്ങളുടെ ഭർത്താവ് എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ വലിയ സന്തോഷം ഇന്ന് എനിക്കില്ല പത്രലേഖ. ഇന്നും എന്നും എന്നാണ് രാജ്‍കുമാര്‍ റാവു എഴുതിയിരിക്കുന്നത്.

View post on Instagram

ഹൻസല്‍ മേഹ്‍ത ചിത്രം സിറ്റി ലൈറ്റ്‍സില്‍ രാജ്‍കുമാര്‍ റാവുവും പത്രലേഖയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ലവ് സെക്സ് ഓര്‍ ധോഖ എന്ന ചിത്രത്തിലാണ് താൻ രാജ്‍കുമാറിനെ ആദ്യമായി കാണുന്നത് എന്ന് പത്രലേഖ ഒരിക്കല്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു കഥാപാത്രമായി അഭിനയിച്ച ആള്‍ ശരിക്കും എങ്ങനെയായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ട് എന്നും പത്രലേഖ പറഞ്ഞിരുന്നു. ഒരു പരസ്യ ചിത്രത്തിലാണ് എന്നെ ആദ്യമായി കണ്ടത് എന്നും താൻ അവളെ വിവാഹം കഴിക്കാൻ പോകുന്നതായി ചിന്തിച്ചിരുന്നുവെന്ന് രാജ്‍കുമാര്‍ വ്യക്തമാക്കിയതായും പത്രലേഖ വെളിപ്പെടുത്തിയിരുന്നു.

പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ തന്റെ ജോലിയോട് വലിയ ആവേശമായിരുന്നു. എല്ലാവരെയും ഒപ്പം ചേര്‍ക്കും. അദ്ദേഹം മാത്രമല്ല എല്ലാവരും അവരവരുടെ പരമാവധി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമായിരുന്നുവെന്ന് പത്രലേഖ പറഞ്ഞിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ പരസ്‍പരം ജോലിയെ കുറിച്ചും സിനിമയോടുള്ള സ്‍നേഹത്തെ കുറിച്ചുമൊക്കെ സംസാരിക്കാൻ തുടങ്ങി. ഞങ്ങള്‍ ഡേറ്റിംഗ് ചെയ്‍തിരുന്നില്ല. പക്ഷേ പരസ്‍പരം ഞങ്ങള്‍ തുറന്നുസംസാരിക്കുകയും അങ്ങനെ ഒരു ധാരണയിലേക്ക് എത്തുകയും പരസ്‍പരം പിന്തുണയ്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നുവെന്ന് പത്രലേഖ പറഞ്ഞിരുന്നു.