ഡിലീറ്റഡ് പോസ്റ്റിനെ കുറിച്ച് പിഷാരടി.

നടൻ, കൊമേഡിയൻ എന്നീ നിലകളിലെല്ലാം ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന്റെ പഞ്ച് ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ താൻ പോസ്റ്റ് ചെയ്ത ഒരു സംഭവം തെറ്റിദ്ധരിക്കപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് രമേശ് പിഷാരടി. നടനും സ്റ്റേജ് കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തോടനുബന്ധിച്ചുള്ള ഓർമയാണ് താരം പങ്കുവെയ്ക്കുന്നത്. കാൻ ചാനൽ മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

''സംഭവം നടക്കുമ്പോൾ ഞാൻ ദുബായിലായിരുന്നു. അവിടെ വെച്ച് എന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷിച്ചു. നാട്ടിലേതുമായി ഒന്നര മണിക്കൂറോളം സമയ വ്യത്യാസമുണ്ട് ദുബായിൽ. ബെർത്ത് ഡേ വിഷ് പോസ്റ്റ് ചെയ്ത് ഞാൻ കിടന്നുറങ്ങി. നാല് മണിയായപ്പോൾ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഷാജോൺ ചേട്ടൻ വിളിച്ചു. ഇങ്ങനെ ഒരു അപകടമുണ്ടായി, മഹേഷ് കുഞ്ഞുമോന് പരിക്കുണ്ട്, കൊല്ലം സുധി മരണപ്പെട്ടു എന്ന് പറഞ്ഞു. സുധിയുടെ ബോഡി എറണാകുളത്ത് പൊതുദർശനത്തിന് വെക്കണോ എന്നൊരു ചർച്ചയും വന്നു.

കല്യാണം നടക്കുന്ന ഓഡിറ്റോറിയങ്ങൾ പൊതുദർശനത്തിന് കിട്ടാറില്ല. ഞാൻ ദുബായിൽ ഇരുന്ന് എംഎൽഎമാരെയും, എംപിമാരെയുമൊക്കെ മാറി മാറി വിളിക്കുന്നുണ്ട്. ഓഡിറ്റോറിയം കിട്ടാനുള്ള ശ്രമങ്ങൾ അവിടെ വെച്ച് നടത്തുന്നുണ്ട്.

ഇതൊക്കെ കഴിഞ്ഞ് വെറുതെ ഫേസ്ബുക്ക് എടുത്ത് നോക്കിയപ്പോൾ കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നതെന്ന് എന്നൊക്കെ ചോദിച്ച് പോസ്റ്റിന്റെ താഴെ കടൽ പോലെ ചീത്ത വിളികൾ വരുന്നു. ആ പോസ്റ്റ് ഞാൻ തന്നെ ഡിലീറ്റ് ചെയ്‍തു കളഞ്ഞു'', രമേശ് പിഷാരടി അഭിമുഖത്തിൽ പറഞ്ഞു. രണ്ടുപ്രാവശ്യം ആലോചിച്ചിട്ടേ ഇപ്പോള്‍ എന്തും പറയാറുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക