സ്വന്തം വീട്ടില്‍ താൻ എങ്ങനെയാണെന്ന് പറയുകയാണ് സാജൻ സൂര്യ.

ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ സൂര്യ. വലിയൊരു ഇടവേളയ്ക്ക് ശേഷം സാജന്‍ സൂര്യ നായകനായി എത്തിയ ഗീതാഗോവിന്ദം എന്ന സീരിയല്‍ അടുത്തിടെയാണ് അവസാനിച്ചത്. ഈ പരമ്പരയിൽ സാജന്റെ നായികയായെത്തിയ ബിന്നി സെബാസ്റ്റ്യൻ ഇത്തവണത്തെ ബിഗ്ബോസിലും മാറ്റുരച്ചിരുന്നു. സുഹൃത്തുക്കളിൽ പലരും ബിഗ്ബോസിൽ മൽസരിച്ചിട്ടും എന്തുകൊണ്ടാണ് താൻ ഇതുവരെ ഷോയിൽ പങ്കെടുക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് സാജൻ സൂര്യ. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

''ഇപ്രാവശ്യം ഞാൻ ചെയ്തുകൊണ്ടിരുന്ന ഗീതാഗോവിന്ദം സീരിയൽ കഴിഞ്ഞ സമയത്താണ് ബിഗ് ബോസ് തുടങ്ങിയത്. എല്ലാ സീസണുകളിലും ക്ഷണം വരാറുണ്ട്. ഗീതാഗോവിന്ദം കഴഞ്ഞതുകൊണ്ട് തന്നെ എനിക്ക് വേണമെങ്കിൽ കറക്ടായിട്ട് പോകാമായിരുന്നു. അങ്ങനൊരു സാഹചര്യം ഇപ്രാവശ്യം ഉണ്ടായിരുന്നു. ഇത്തവണ ബിഗ് ബോസിൽ പോകുന്ന കാര്യം ഞാൻ വെറുതെ വീട്ടിൽ ചോദിച്ചു.

വലിയ ചർച്ച വരെ വീട്ടിൽ നടന്നു. ചർച്ചയുടെ അവസാനം എന്റെ ഭാര്യ പറഞ്ഞു നിങ്ങളെ എനിക്ക് ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ട് ബിഗ് ബോസിൽ പോവേണ്ടെന്ന്.

ഞാൻ നിങ്ങൾ കാണുന്ന സാജൻ സൂര്യയല്ല. ഇന്റർവ്യൂകളിൽ വളരെ ഡീസന്റായി സംസാരിക്കും പെരുമാറും. പക്ഷേ ഈ സ്വഭാവമേയല്ല എനിക്ക് എന്റെ വീട്ടിൽ. ഞാൻ മാത്രമല്ല എല്ലാവരും അങ്ങനെയായിരിക്കും ചിലപ്പോൾ. ഞാൻ എന്തിന് എന്റെ യഥാർത്ഥ സ്വഭാവം കാണിച്ച് പ്രേക്ഷകരെ വെറുപ്പിക്കണം. എന്റേത് നല്ല സ്വഭാവമാണെന്ന് എല്ലാവരും ഇപ്പോൾ പറയുന്നുണ്ട്. മാത്രമല്ല, എല്ലാവർക്കും എന്നോട് ഒരു ഇഷ്‍ടവുമുണ്ട്. വീട്ടിൽ ഞാൻ ഇതൊന്നുമല്ല. പ്രതികരിക്കുകയും പെട്ടന്ന് ട്രിഗറാവുകയും ചെയ്യും'', സാജൻ സൂര്യ അഭിമുഖത്തിൽ പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക