ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ ആയിരുന്നു ഖത്തറിലേത് എന്ന് ഷാരൂഖ് ഖാൻ കുറിക്കുന്നു.

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീന വേൾഡ് കപ്പ് ജയിച്ച സന്തോഷത്തിലാണ് ലോക ജനത. മെസ്സിയെയും കൂട്ടരേയും ഒപ്പം കട്ടക്ക് നിന്ന് എംബാപ്പെയെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ, ഭാ​ഷാഭേദമെന്യെ അർജന്റീന ജയിച്ച സന്തോഷം പങ്കുവയ്ക്കുക ആണ്. ഇക്കൂട്ടത്തിൽ നടൻ ഷാരൂഖ് ഖാൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ ആയിരുന്നു ഖത്തറിലേത് എന്ന് ഷാരൂഖ് ഖാൻ കുറിക്കുന്നു. കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസിക്ക് ഷാരൂഖ് ഖാൻ നന്ദി അറിയിക്കുകയും ചെയ്യുന്നു. 

"ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പണ്ട് ഒരു ചെറിയ ടിവിയിൽ അമ്മയ്‌ക്കൊപ്പം വേൾഡ് കപ്പ് കണ്ടത് ഞാൻ ഓർക്കുന്നു....ഇപ്പോൾ എന്റെ കുട്ടികൾക്കും അതേ ആവേശമാണ്!! ഒപ്പം കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സിക്ക് നന്ദി!!", എന്നാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ഏറെ ആവേശം നിറഞ്ഞ ലോകകപ്പ് ഫൈനൽ ആയിരുന്നു കഴിഞ്ഞ ദിവസം ഖത്തറിൽ അരങ്ങേറിയത്. ആദ്യഘട്ടത്തിൽ രണ്ട് ​ഗോളുകളുമായി അർജന്റീന മുന്നിൽ നിന്നെങ്കിലും എംബാപ്പെയുടെ ഷൂട്ടൗട്ടോടെ ഫ്രാൻസ് മുന്നേറി. പിന്നീട് നടന്നത് ഓരോ ഫുട്ബോൾ പ്രേമികളെയും ടെൻഷൻ അടിപ്പിച്ച മണിക്കൂറുകളാണ്. ഒടുവിൽ ഷൂട്ടൗട്ടില്‍ 4-2ന് ഫ്രാൻസിനെ തകര്‍ത്ത് അര്‍ജന്‍റീന സ്വർണ കപ്പിൽ മുത്തമിട്ടു. 2014ല്‍ കൈ അകലത്തില്‍ കൈവിട്ട ലോക കിരീടം 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ ആവേശം തീര‍ത്തു.