സിദ്ദിഖും വിനയ പ്രസാദും പ്രധാന വേഷങ്ങളിലെത്തുന്ന 'മധുരമീ ജീവിതം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ഈ ഫാമിലി ഡ്രാമ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മധുരമീ ജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തനി ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു മരത്തിൻ്റെ ചുവട്ടിലിരുന്ന് പുഞ്ചിരിക്കുന്ന പ്രധാന അഭിനേതാക്കളെ പോസ്റ്ററിൽ കാണാം. സോണിയ അഗർവാളും നമിതയും അഭിനയിച്ച 2020ൽ റിലീസ് ചെയ്ത തമിഴ് ചിത്രം മിയയുടെ സഹസംവിധായകനായിരുന്ന മാത്യു സ്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിദ്ദിഖിന്റെ 351ാമത് ചിത്രം കൂടിയായ മധുരമീ ജീവിതം വൈകാതെ തിയറ്ററുകളിൽ എത്തും. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആൻ്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ​​ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തുമേനോൻ്റെ (സിദ്ദിഖ്) ജീവിതത്തിൽ സ്‌കൂൾ അധ്യാപിക മാധവിക്കുട്ടി (വിനയ പ്രസാദ്) എത്തിയതും അത് അവരുടെ ജീവിതത്തെയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമകാലിക ആശങ്കകളാണ് സിനിമ പറയുന്നതെന്നാണ് വിവരം. ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ശ്രീലാല്‍ പ്രകാശാണ് സിനിമ നിര്‍മിക്കുന്നത്. എറണാകുളം, കട്ടപ്പന, കുട്ടിക്കാനം, തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.‌

View post on Instagram

ക്യാമറാമാന്‍- പി.എസ്. കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി ഏലൂര്‍, മേക്കപ്പ്-പട്ടണം ഷാ, ആര്‍ട്ട് ഡയറക്ടര്‍- ശ്രീകുമാര്‍ മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- അനില്‍ അന്‍സാദ്, സ്റ്റില്‍- രതീഷ് കര്‍മ്മ, മേക്കിങ് വീഡിയോ- ഷാജി കുന്നംകുളം, കോസ്റ്റ്യൂംസ് ഡിസൈനര്‍- നയന ശ്രീകാന്ത്, പി.ആര്‍.ഒ.- ഷെജിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്