സൗഭാഗ്യ വെങ്കിടേഷിന്റെ പുതിയ വ്ളോഗ്.
സമൂഹമാധ്യമങ്ങളിലെ തിളങ്ങുന്ന താരമാണ് ഇൻഫ്ളുവൻസറും നർത്തകിയുമായ സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും. അർജുന്റെ ചേട്ടൻ അരുണിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള വീഡിയോകൾ കുറച്ചു ദിവസങ്ങളായി ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നുണ്ട്. വിദ്യയാണ് അരുണിന്റെ വധു. ഇരുവരുടെയും രണ്ടാം വിവാഹം ആണിത്. ഇവരുടെ മക്കളുടെയടക്കം പ്രതികരണങ്ങൾ ഉൾക്കൊള്ളിച്ചാണ് സൗഭാഗ്യയുടെ പുതിയ വ്ളോഗ്.
''അച്ഛൻ എത്രത്തോളം ഹാപ്പിയാണെന്നത് അച്ഛന്റെ മുഖം കണ്ടാൽ നിങ്ങൾക്ക് മനസിലാകും. അത് കാണുമ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷമുണ്ട്. എപ്പോഴും ഒരു കുടുംബമായി നിലനിൽക്കാൻ സാധിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു'', എന്നായിരുന്നു അരുണിന്റെ ആദ്യ വിവാഹത്തിലെ മകളായ അനുവിന്റെ പ്രതികരണം. അച്ഛനും വിദ്യാന്റിയും ഒരുപാട് കാലം ഹാപ്പിയായി ജീവിക്കട്ടെ എന്നായിരുന്നു മകൻ മനു പറഞ്ഞത്.
ഈ ജനറേഷനിൽ എത്ര കുട്ടികൾ അനുവിനേയും കുഞ്ഞാവയേയും പോലെ ചിന്തിക്കുന്നവരുണ്ടെന്ന് അറിയില്ലെന്നും തന്റെ കുഞ്ഞും അനുവിനേയും മനുവിനേയും പോലെ വിശാലമനസ്കരായി ചിന്തിക്കുന്നവളും മൂല്യങ്ങൾക്ക് വില കൽപിക്കുന്നവളും ആയിരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും സൗഭാഗ്യ പ്രതികരിച്ചു. ''ഒരുപാട് സന്തോഷം അർഹിക്കുന്ന സ്ത്രീയാണ് വിദ്യ. എല്ലാ നല്ലതും വിദ്യയ്ക്ക് വന്ന് ചേരട്ടേയെന്ന് പ്രാർത്ഥിക്കുന്നു. വിദ്യ ആഗ്രഹിക്കുന്ന എല്ലാ സന്തോഷവും കിട്ടുമെന്ന് എനിക്ക് ഉറപ്പാണ്. കാരണം വിദ്യയുടെ ജീവിത പങ്കാളി അരുൺ ചേട്ടനാണ്. ശേഖർ ബ്രദഴ്സ് രണ്ടുപേരും ഫാമിലി പേഴ്സൺസാണ്. അതുകൊണ്ട് തന്നെ അരുൺ ചേട്ടനെ ഭർത്താവായി ലഭിച്ച വിദ്യ ഭാഗ്യവതിയാണ്.
ഈ ഒരു അവസരത്തിൽ എനിക്ക് നന്ദി പറയാനുള്ളത് അരുൺ ചേട്ടന്റെ മക്കളായ അനുവിനോടും കുഞ്ഞാവയോടുമാണ്. അച്ഛന്റെ സന്തോഷത്തിന് പ്രാധാന്യം നൽകുന്ന രണ്ട് കുട്ടികൾ ഞങ്ങളുടെ കുടുംബത്തിൽ ഉള്ളതുകൊണ്ടാണ് ഇങ്ങനൊരു കാര്യം സംഭവിച്ചത്'', എന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.
