ലവ് ട്രാക്കിന് ശ്രമിച്ചാലും ജസീല കാര്യങ്ങൾ മനസിലാക്കുമെന്നും സുമേഷ്.
മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും കലാരംഗത്തേക്കെത്തിയ വ്യക്തിയാണ് സുമേഷ് ചന്ദ്രൻ. ഭാസ്കർ ദി റാസ്കൽ, പുള്ളിക്കാരൻ സ്റ്റാറാ, ആദ്യരാത്രി, ജവാനും മുല്ലപ്പൂവും, ദൃശ്യം 3 തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും അഭിനേതാവെന്ന നിലയിൽ സുമേഷിനെ അടയാളപ്പെടുത്തുന്നത് ദൃശ്യം 2 ലെ പൊലീസുകാരന്റെ വേഷം തന്നെയാണ്. ഇത്തവണത്തെ ബിഗ് ബോസിലും സുമേഷ് മാറ്റുരക്കാൻ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മാസ് എവിക്ഷനിൽ സുമേഷ് അടക്കമുള്ള മൽസരാർത്ഥികൾ പുറത്തായിരുന്നു. പുറത്തു വന്നതിനു ശേഷം ഭാര്യക്കൊപ്പം സുമേഷ് നടത്തിയ പ്രതികരണം സോഷ്യലിടങ്ങളിൽ വൈറലാകുകയാണ്.
ബിഗ് ബോസ് വീട്ടിൽ താനും ചെറിയ രീതിയിൽ ലവ് ട്രാക്ക് പിടിക്കാൻ ശ്രമിച്ചിരുന്നു എന്നായിരുന്നു സുമേഷ് ചന്ദ്രന്റെ പ്രതികരണം. എന്നാൽ അപ്പോഴേക്കും ഭാര്യയുടെ മുഖം ഓർമ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു എന്നും സുമേഷ് തമാശയായി പറഞ്ഞു. അതിൽ പിടിച്ചുനിൽക്കണമെന്നായിരുന്നു, 50 ദിവസം നിൽക്കണമായിരുന്നു എന്നായിരുന്നു സുമേഷിൻ്റെ ഭാര്യയുടെ പ്രതികരണം. എന്നാൽ അതിനു ശ്രമിച്ചാൽ ബിഗ് ബോസ് വീട്ടിൽ പിടിച്ചുനിൽക്കാമെങ്കിലും തിരിച്ചെത്തിയാൽ വീട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നായിരുന്നു സുമേഷിന്റെ മറുപടി. വീട്ടിലെത്തുമ്പോൾ അതിന് വേറെ കിട്ടുമെന്നായിരുന്നു ഇതിന് ഭാര്യ മറുപടി പറഞ്ഞത്.
തനിക്ക് പറ്റിയ ആരും ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സുമേഷ് ഓൺലൈൻ മാധ്യമങ്ങളുടോ ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. ജസീലയെ നോക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന്, ''ജസീല നമ്മുടെ കൊച്ചല്ലേ'', എന്നായിരുന്നു സുമേഷിന്റെ മറുപടി. ലവ് ട്രാക്കിന് ശ്രമിച്ചാലും ജസീല കാര്യങ്ങൾ മനസിലാക്കുമെന്നും ''ഒന്നു പോ ചേട്ടാ അവിടുന്ന്'', എന്ന് പറയുമായിരുന്നു എന്നും സുമേഷ് പറയുന്നുണ്ട്.
