മാസ്സ് ലുക്കിലാണ് സുരേഷ് ​ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി (Joshiy) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പന്‍' (Paappan). പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന 'പാപ്പന' വീഡിയോയിൽ കാണാനാകും. മാസ്സ് ലുക്കിലാണ് സുരേഷ് ​ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ 13ന് ആരംഭിച്ചിരുന്നു. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളികളാവുന്നുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നുണ്ട്.