തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്.

തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്‍തതതാണ് ഇത്തരമൊരു റിപ്പോര്‍ട്ടിന് കാരണം. ഇക്കാര്യത്തില്‍ സ്വാതി റെഡ്ഡി പ്രതികരിച്ചിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും വിവാഹിതരായത് 2018ലായിരുന്നു.

ഇതുപോലെ നേരത്തെയും സ്വാതി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്‍തിരുന്നു. സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നുവെന്ന് വാര്‍ത്തയും വന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. തന്റെ ഭര്‍ത്താവിനൊപ്പമുളള ഫോട്ടോകള്‍ ആര്‍ക്കീവാക്കിയതാണെന്ന് താരം പിന്നീട് വ്യക്തമാക്കുകയായിരുന്നു.

'ആമേൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം പരിചിതയായിരുന്നു. ഫഹദ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രത്തില്‍ 'ശോശന്ന' എന്ന വേഷത്തിലൂടെയായിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. 'സോളമന്റെ' ജോഡിയായിരുന്നു ചിത്രത്തില്‍ 'ശോശന്ന'. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. പി എസ് റഫീഖായിരുന്നു തിരക്കഥ. എന്തായാലും സ്വാതിക്ക് ആദ്യ മലയാള ചിത്രത്തില്‍ വിജയം നേടാനായിരുന്നു. പ്രേക്ഷകര്‍ എന്നും ഇഷ്‍ടപ്പെടുന്ന ഒരു കഥാപാത്രം ആണ് സ്വാതിയുടേത്.

'നോര്‍ത്ത് 24 കാത'ത്തിലും മികച്ച കഥാപാത്രമായി സ്വാതി വേഷമിട്ടു. അനില്‍ രാധാകൃഷ്‍ണ മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ 'നാരായണി' എന്ന വേഷത്തിലായിരുന്നു സ്വാതിഎത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള 'ഡബിള്‍ ബാരലി'ലും സ്വാതി ഒരു പ്രധാന വേഷത്തില്‍ എത്തി. ജയസൂര്യ നായകനായി വേഷമിട്ട മലയാളം ചിത്രം 'തൃശൂര്‍ പൂര'ത്തിലും നായിക സ്വാതിയായിരുന്നു. 'ആട് ഒരു ഭീകര ജീവിയാണെ'ന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും സ്വാതി എത്തിയിരുന്നു. പിന്നണി ഗായികയായും സ്വാതി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'പഞ്ചതന്ത്രം' എന്ന ചിത്രമാണ് സ്വാതിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Read More: 'ഡേറ്റിംഗ് ആപ്പിലൊന്നും പോകേണ്ട', സാധികയെ വിവാഹം കഴിക്കണമെന്ന് അവതാരകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക