'യെന്നൈ അറിന്താലി'ന് ശേഷം വീണ്ടും ഒന്നിക്കാൻ ഒരുങ്ങി അജിത്തും തൃഷയും.

അജിത്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. 'വിഡാമുയര്‍ച്ചി' എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ ടൈറ്റില്‍ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തൃഷ അജിത്ത് ചിത്രത്തില്‍ നായികയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

തൃഷ അജിത്ത് ചിത്രത്തില്‍ നായികയായിയെത്തുന്നുവെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം 'യെന്നൈ അറിന്താലി'ല്‍ തൃഷയായിരുന്നു നായികയായി അഭിനയിച്ചത്. അജിത്തും തൃഷയും ജോഡിയായി എത്തിയത് ചിത്രത്തിന്റെ വലിയൊരു ആകര്‍ഷണമായിരുന്നു. എന്തായാലും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്.

എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം 'തുനിവ്' ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: ഡിനോ ഡെന്നിസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, 'ബസൂക്ക'യില്‍ ജോയിൻ ചെയ്‍തു

YouTube video player